
മഞ്ചേശ്വരത്ത് കർണാടക അതിർത്തിക്കടുത്ത് ഗുണ്ടാസംഘത്തെ പിടിക്കാൻ പോയ പൊലീസ് സംഘം പ്രത്യാക്രമണം നേരിടേണ്ടിവന്നതും ഒടുവിൽ വെറുംകൈയോടെ മടങ്ങേണ്ടിവന്നതും മാഫിയാ സംഘങ്ങളുടെ കരുത്തും വളർച്ചയും വെളിവാക്കുന്നു. ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ മഞ്ചേശ്വരം എസ്.ഐയ്ക്ക് പരിക്കും പറ്റി. ഗുണ്ടകളിലൊരാൾ വെടി ഉതിർത്തെങ്കിലും ഭാഗ്യവശാൽ ജീപ്പിന്റെ ഡോറിൽ തട്ടി തെറിച്ചുപോയതിനാൽ പൊലീസുകാർക്ക് അപായമൊന്നുമുണ്ടായില്ല. വൈകിട്ടു മുതൽ പൊലീസ് സംഘം ഗുണ്ടാസംഘത്തെ പിടിക്കാൻ വേണ്ടി ഓടി നടക്കുകയായിരുന്നു. സിനിമാ രംഗങ്ങളെ വെല്ലുവിളിക്കും വിധം അക്രമികൾ വാഹനവുമായി പാഞ്ഞുനടന്നു. ഒടുവിൽ പൊലീസിനു നേരെ അക്രമം കാട്ടി കർണാടകത്തിലേക്കു കടന്ന സംഘത്തിലെ മൂന്നുപേരെ പിടികൂടാൻ കർണാടക പൊലീസിനു സാധിച്ചു. ഗുണ്ടാത്തലവനെന്നു പറയുന്നയാൾ ഇതിനിടെ പിടികൊടുക്കാതെ രക്ഷപ്പെടുകയും ചെയ്തു. ഗുണ്ടാസംഘത്തെ പിന്തുടരുന്നതിനിടയിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ നിന്ന് 110 കിലോ കഞ്ചാവും മയക്കുമരുന്നും തോക്കും പൊലീസ് പിടികൂടിയത് ഗുണ്ടാസംഘത്തിന്റെ അധോലോക പ്രവർത്തനങ്ങളുടെ തെളിവു കൂടിയായി.
മഞ്ചേശ്വരത്തു മാത്രമല്ല സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമീപകാലത്ത് ഇതുപോലുള്ള ഗുണ്ടാസംഘങ്ങൾ ശക്തിയാർജ്ജിച്ചു വരുന്നതിന്റെ ധാരാളം ഉദാഹരണങ്ങളുണ്ട്. ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യേണ്ടത് നാട്ടിൽ ശാന്തിയും സമാധാനവും നിലനിറുത്താൻ അനിവാര്യമാണ്. എന്നിരുന്നാലും നിയമപാലകർ ചിലപ്പോഴെങ്കിലും ദൗത്യത്തിൽ പരാജയപ്പെടുന്നതായും കാണാം. ഗുണ്ടാ - മാഫിയാ സംഘങ്ങൾക്ക് പൊലീസുമായും രാഷ്ട്രീയക്കാരുമായുമുള്ള ചങ്ങാത്തം തന്നെയാണു അതിനു കാരണം. ഈ ബന്ധം അറുത്തു മാറ്റാത്തിടത്തോളം കാലം സമൂഹത്തിനു മുഴുവൻ ഭീഷണിയായി ഇവർ വിലസിക്കൊണ്ടേയിരിക്കും.
സംസ്ഥാനത്തെങ്ങും കഞ്ചാവും മയക്കുമരുന്നും സുലഭമാകാനുള്ള സാഹചര്യം ഒരുക്കുന്നതിൽ അധോലോക സംഘങ്ങളുടെ പങ്ക് വലുതാണ്. പരിശോധനകളിൽ ദിവസേന അളവറ്റ തോതിലാണ് കഞ്ചാവ് ഉൾപ്പെടെയുള്ള നിരോധിത ലഹരി ഉത്‌പന്നങ്ങൾ പിടികൂടുന്നത്. ലഹരിവസ്തുക്കളുടെ കൈമാറ്റവും വില്പനയുമൊക്കെ കടുത്ത കുറ്റമായിട്ടും അതിൽ ഏർപ്പെടുന്നവർ കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ലെന്നതാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എത്രയെത്ര മനുഷ്യരെയാണ് ഈ അധോലോക സംഘം പടുകുഴിയിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. സ്കൂൾ കുട്ടികൾ പോലും അവരുടെ വലയിൽ പെടുന്നുണ്ടെന്നുള്ളതാണ് വലിയ അപകടം.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം മൂർദ്ധന്യത്തിലേക്കു നീങ്ങുന്നതിനാൽ പൊലീസിന് ഇപ്പോൾ പിടിപ്പതു പണിയുണ്ടാകും. ഈ അവസരം മുതലെടുത്ത് അധോലോക സംഘങ്ങൾ കച്ചവടം കൊഴുപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. നാട്ടിൽ പലേടത്തും നിത്യേന മയക്കുമരുന്നും കഞ്ചാവും കള്ളപ്പണവുമൊക്കെ പിടികൂടാൻ കഴിയുന്നതിനു കാരണവും ഇതാണ്. തിരഞ്ഞെടുപ്പുരംഗത്ത് ഇക്കൂട്ടരുടെ അദൃശ്യ സാന്നിദ്ധ്യവും ഇടപെടലും കർക്കശമായി തടയേണ്ടത് ആവശ്യമാണ്. നിയമപാലകർക്കൊപ്പം രാഷ്ട്രീയ നേതൃത്വവും ശക്തമായി ഇടപെട്ടാലേ അതു സാദ്ധ്യമാവൂ. തിരഞ്ഞെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അധോലോക സംഘങ്ങളുടെ ഇടപെടൽ തുലോം കുറവാണ്. എല്ലായിടത്തും ജനങ്ങൾ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നതിനാൽ അതിരുവിട്ട കളികൾക്കും സാദ്ധ്യത കുറവാണ്. അതേസമയം ഗുണ്ടാസംഘങ്ങളും സാമൂഹ്യവിരുദ്ധരും ഈ വേള പരമാവധി മുതലെടുക്കാൻ ശ്രമിക്കും. അതു തടയുന്നതിൽ വീഴ്ചയുണ്ടായാൽ അതിന്റെ ദോഷം സമൂഹത്തിന് ഒന്നാകെയായിരിക്കും.