
തിരുവനന്തപുരം: ജില്ലയിലെ നാല് മണ്ഡലങ്ങളിൽ സി.പി.എം- ബി.ജെ.പി ധാരണയുണ്ടെന്ന് നേമത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ ആരോപിച്ചു. തിരുവനന്തപുരത്തും നേമത്തും സി.പി.എം ബി.ജെ.പിയെ സഹായിക്കും. വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ബി.ജെ.പി സി.പി.എമ്മിനെ സഹായിക്കും. ഇതാണ് ധാരണ.
ഇത് പുറത്തറിയാതിരിക്കാനാണ് അർദ്ധരാത്രി സംഘർഷമുണ്ടാക്കുന്നത്. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് സി.പി.എം- ബി.ജെ.പി സംഘർഷം കൃത്രിമമായി ഉണ്ടാക്കാനും ന്യൂനപക്ഷ ഏകീകരണം എൽ.ഡി.എഫിനും ഭൂരിപക്ഷ ഏകീകരണം ബി.ജെ.പിക്കും നൽകുന്ന ഒരു സമീപനം അവസാനത്തെ നാല് ദിവസങ്ങളിൽ നടക്കാനും ഇടയുണ്ട്.
ഇരട്ടവോട്ട് സംബന്ധിച്ച് മൊത്തം അന്വേഷിച്ച് നടപടി എടുക്കട്ടെ. ഖജനാവ് മുക്കികളെ ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ് അന്നംമുടക്കി എന്ന് പ്രതിപക്ഷനേതാവിനെ കുറ്റം പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.