
വലിയ പ്രതീക്ഷയോടെ പലരും ചോദിക്കുന്ന ഒന്നാണിത്. ആഹാരം പോലെയോ ചിലപ്പോൾ അതിലേറെയോ അളവിൽ മരുന്ന് കഴിക്കേണ്ടി വരുന്നതും ദീർഘനാൾ മരുന്ന് കഴിച്ചുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കാരണവുമുള്ള കഷ്ടപ്പാടുകളാണ് ഈ അന്വേഷണത്തിന് പിന്നിൽ. ചില സ്ഥിരചികിത്സകൾ ഉണ്ടാക്കുന്ന പ്രയാസങ്ങളും ചിലതരം അലർജികളും മരുന്നുകളുടെ പാർശ്വഫലങ്ങളും ഭയന്ന് മരുന്നിന്റെ ഉപയോഗം കുറയ്ക്കുന്നതിനും വീര്യം കുറവുള്ള മറ്റു മരുന്നുകൾ കൂടി ഉപയോഗിച്ച് ശരിയായ പ്രയോജനത്തിലെത്തിക്കുന്നതിനും ചിലരെ നിർബന്ധിതരാക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ആയുർവേദ മരുന്നുകൾ കൂടി പ്രയോജനപ്പെടുത്തി വീര്യമേറിയ മരുന്നുകൾ കുറയ്ക്കാമല്ലോ എന്ന പ്രതീക്ഷയാണ് ഈ ചോദ്യകർത്താക്കൾക്കുള്ളത്.
എന്നാൽ, ഇതിനുള്ള ഉത്തരം പലപ്പോഴും വിഭിന്നമായിരിക്കും. എന്തുകൊണ്ടെന്നാൽ, ദീർഘനാളായി ചികിത്സയിലിരിക്കുന്ന രോഗി അവർ കഴിച്ചു കൊണ്ടിരുന്ന മരുന്നുകൾ പെട്ടെന്ന് പൂർണ്ണമായി നിറുത്തി വച്ചാൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഡോക്ടറുടെ നിർദ്ദേശമില്ലാതെ പലരും ഇത്തരത്തിൽ ചെയ്യാറുണ്ട്. അത് ഒരിക്കലും പ്രോത്സാഹിപ്പിക്കേണ്ടതല്ല.
വളരെ പെട്ടെന്ന് ഫലം കിട്ടണമെന്ന ആഗ്രഹത്തോട് കൂടി ആയുർവേദ മരുന്ന് കഴിക്കാൻ തയ്യാറാകുന്നവർക്ക് അത് അത്ര എളുപ്പത്തിൽ കിട്ടിയില്ലെന്ന് വരാം.
കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ നിറുത്തിവച്ച് ആയുർവേദത്തിലേക്ക് വരുമ്പോൾ പ്രതീക്ഷിക്കുന്ന ഫലം പെട്ടെന്ന് ലഭിക്കാതിരിക്കാൻ കാരണം,അത്രയൊന്നും വീര്യമുള്ള മരുന്നുകളല്ല ഉപയോഗിയോഗിക്കുന്നത് എന്നതുകൊണ്ടാണ്.
അമിത പ്രതീക്ഷയും പൊടിപ്പും തൊങ്ങലും വച്ചുള്ള പരസ്യവും കേട്ടു കേൾവിയുമായി ചികിത്സ തേടി എത്തുന്നവർ ശരിയായ രീതിയിൽ ആയുർവേദത്തെ മനസിലാക്കിയവരോ ഉൾക്കൊണ്ടവരോ ആയിരിക്കില്ല.
ചിലരുടെയെങ്കിലും മനസ്സിൽ അത്ഭുത ചികിത്സയും ഒറ്റമൂലി പ്രയോഗങ്ങളുമൊക്കെ നിറഞ്ഞ മാജിക് ചികിത്സയാണ് ഇന്നും ആയുർവേദം. ആ ധാരണ തിരുത്തപ്പെടേണ്ടതുണ്ട്. ആയുർവേദ മരുന്ന് കഴിക്കൽ എന്നത് ചികിത്സയുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്. പഞ്ചകർമ്മ പോലുള്ള ചികിത്സകൾ ഒഴിവാക്കി ചെയ്യുന്ന താരതമ്യേന ചെറിയ ചികിത്സകൾ കൊണ്ട് പൂർണ്ണമായ രോഗശമനം പ്രയാസമാണ്.
ശ്രദ്ധിക്കാൻ
കഴിക്കുന്ന മരുന്ന് കൊണ്ട് രോഗശമനം സാദ്ധ്യമല്ലാതെ വന്നാൽ ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾക്കൊപ്പം ആയുർവേദം കൂടി കഴിച്ച് രോഗശമനം വരുത്താൻ സാധിക്കുമോ എന്ന് നോക്കാവുന്നതാണ്.
ഒരു മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നയാൾക്ക് മറ്റൊരു അസുഖം വരുമ്പോൾ അതിനായി ആയുർവേദം പറ്റുമോ എന്നും ശ്രമിക്കാം.
ദീർഘനാൾ മരുന്ന് കഴിക്കേണ്ടി വരുന്ന രോഗങ്ങളുള്ളവർ പാർശ്വഫലങ്ങൾ കുറഞ്ഞ മരുന്ന് എന്ന നിലയിൽ ആയുർവേദത്തെ ആശ്രയിക്കാവുന്നതാണ്.
ഒരു രോഗത്തിന്റെ ചികിത്സയിലായിരിക്കുമ്പോൾ തന്നെ രോഗം വർദ്ധിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ വർദ്ധിച്ച രോഗത്തിന്റെ ശമനത്തിന് വീണ്ടും വീര്യമേറിയ മരുന്നിന്റെ ഡോസ് കൂട്ടുന്നതിനേക്കാൾ ആയുർവേദം മതിയാകുമോ എന്ന് അന്വേഷിക്കാവുന്നതാണ്.
ചികിത്സയുടെ ഫലം കിട്ടണമെങ്കിൽ നിങ്ങളെ ചികിത്സിക്കുന്നത് അർഹതപ്പെട്ട ഒരു ഡോക്ടർ തന്നെയായിരിക്കണം.മാത്രമല്ല നല്ല പ്രവൃത്തി പരിചയവും വേണം. ആയുർവേദവും മറ്റ് ഔഷധങ്ങളും ഒരുമിച്ചു കഴിക്കുന്നവർ ഇവ തമ്മിൽ എത്രമാത്രം ഇടവേള നൽകണമെന്ന് നിശ്ചയിക്കാൻ ഒരു ഡോക്ടർക്ക് മാത്രമേ സാധിക്കൂ. സാധാരണയായി ഒരു മണിക്കൂർ വ്യത്യാസമെങ്കിലും വേണ്ടതാണ്.