തിരുവനന്തപുരം: കഴക്കൂട്ടത്ത് വികസനം പറഞ്ഞു വോട്ടുനേടാൻ കഴിയാത്തതുകൊണ്ട് സി.പി.എം അക്രമം നടത്തി ജനശ്രദ്ധ തിരിച്ചുവിടുകയാണെന്ന് കഴക്കൂട്ടത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പറഞ്ഞു. കുമ്മനം രാജശേഖരനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ ദിവസം ചെമ്പഴന്തിയിൽ തന്റെ പ്രചാരണ വാഹനത്തിന് നേരെയും എൻ.ഡി.എയുടെ പ്രവർത്തകർക്കെതിരെയുമുള്ള ആക്രമണം ഗൂഢാലോചനയാണ്. ആറ്റിങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ സമയത്തും സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. രണ്ട് മണിക്കൂറോളം പ്രതിഷേധിച്ചിട്ടും എന്തുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ സംഭവ സ്ഥലത്തെത്തി കാര്യങ്ങൾ തിരക്കിയില്ല, ബി.ജെ.പിക്ക് മണ്ഡലത്തിലുണ്ടായ മുന്നേറ്റം തടയുന്നതിന്റെ ഭാഗമായിട്ടാണ് അക്രമമെന്നും അവർ പറഞ്ഞു.

നേമത്ത് സി.പി.എം - കോൺഗ്രസ് ധാരണ: കുമ്മനം

നേമത്ത് സി.പി.എമ്മും കോൺഗ്രസും തമ്മിൽ ധാരണയെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ആരോപിച്ചു. നേമത്ത് ബി.ജെ.പിയെ തോല്പിക്കണമെന്ന് മാത്രമാണ് ഇടതുമുന്നണിയും കോൺഗ്രസും പറയുന്നത്. രണ്ട് മുന്നണികളും ആരെ ജയിപ്പിക്കണമെന്ന് പറയാത്തത് അവർ തമ്മിലുള്ള ഡീലിന്റെ ഭാഗമാണ്. കേന്ദ്രം കൊടുക്കുന്ന പലതും ഇവിടെ പേരുമാറ്റി സ്വന്തം പേരിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.