
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്കുള്ള പോസ്റ്റൽ വോട്ടെടുപ്പിന് ഇന്ന് തുടക്കം. ഇന്നു മുതൽ 30 വരെ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും ക്രമീകരിച്ചിട്ടുള്ള പോസ്റ്റൽ വോട്ടിംഗ് സെന്ററിലാണ് തപാൽ വോട്ടെടുപ്പ്. അവശ്യ സർവീസിൽപ്പെട്ടവരും അപേക്ഷ നൽകിയവരിൽ പോസ്റ്റൽ വോട്ടിന് അർഹരായവരുമായ സമ്മതിദായകർക്കു രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ ഈ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താൻ സൗകര്യമുണ്ടാകുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.
വോട്ട് രേഖപ്പെടുത്താൻ എത്തുന്ന ജീവനക്കാർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈവശം കരുതണം. ബാലറ്റ് പേപ്പറും സത്യപ്രസ്താവന അടക്കമുള്ള അനുബന്ധ ഫോമുകളും പോസ്റ്റൽ വോട്ടിംഗ് സെന്ററുകളിൽ നിന്ന് ലഭിക്കും. സത്യപ്രസ്താവന അറ്റസ്റ്റ് ചെയ്യുന്നതിന് വോട്ടിംഗ് സെന്ററിൽ ഗസറ്റഡ് തസ്തികയിലെ ജീവനക്കാരന്റെ സേവനം ലഭ്യമാക്കുമെന്നും കളക്ടർ അറിയിച്ചു.