mulla

തിരുവനന്തപുരം: ഇടത് സർക്കാർ കേരളത്തെ ജപ്തിയുടെ വക്കിലെത്തിച്ചുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനം വൻ കടക്കെണിയിലാണ്. ജനങ്ങൾക്കിടയിൽ ചർച്ചയാകാതിരിക്കാൻ ഇക്കാര്യം മുഖ്യമന്ത്റി മനപൂർവ്വം മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അധികാരത്തിലെത്തിയപ്പോൾ മുൻ യു.ഡി.എഫ് സർക്കാർ ഖജനാവ് കാലിയാക്കിയെന്നാരോപിച്ച് ധവളപത്രം ഇറക്കിയ മുഖ്യമന്ത്റിയും ധനമന്ത്റിയുമാണ് കേരളത്തെ വലിയ കടക്കെണിയിലേക്ക് തള്ളിവിട്ടത്. ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തിന്റെ പൊതുകടം 78,673 കോടി രൂപയായിരുന്നു. അഞ്ചു വർഷം പിന്നിട്ടപ്പോൾ അത് 1,57,000 കോടിയായിരുന്നു. അഞ്ചുകൊല്ലം കൊണ്ട് യു.ഡി.എഫ് സർക്കാർ 78,327 കോടി മാത്രമാണ് കടം എടുത്തത്. ഇക്കാലയളവിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ കേരളത്തിൽ ആകമാനം നടക്കുകയും ചെയ്തു.

എൽ.ഡി.എഫ് സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കിയപ്പോൾ സംസ്ഥാനത്തിന്റെ പൊതുകടം ഇതുവരെ 3,20,468 കോടിയാണ്. മാർച്ച് മാസം മാത്രം 8000 കോടി രൂപയാണ് സർക്കാർ കടമെടുത്തത്. ഇതിനെല്ലാം പുറമെ കിഫ്ബിയെടുത്ത 12,000 കോടിയുടെ കടം. രണ്ടു ലക്ഷം കോടിരൂപയാണ് പിണറായി സർക്കാർ മാത്രം വരുത്തിവച്ച കടബാദ്ധ്യതയെന്നും മുല്ലപ്പള്ളി പറഞ്ഞു.