
തിരുവനന്തപുരം: മീനവെയിലിനേക്കാൾ ചൂടാണ് അരുവിക്കരയിലെ തിരഞ്ഞെടുപ്പ് രംഗത്തിന്. ആവേശമോ ആകാശത്തോളവും. വിജയം പ്രവചനാതീതവുമാണ്. കാൽ നൂറ്റാണ്ടിലേറെയായി യു.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുന്ന അരുവിക്കര ഇത്തവണയും കൂടെ പോരുമെന്ന് യു.ഡി.എഫ് പറയുമ്പോൾ
കോൺഗ്രസിന്റെ കോട്ടപിടിക്കാനുള്ള വാശിയിലാണ് എൽ.ഡി.എഫിന്റെ പ്രവർത്തനങ്ങളത്രയും. ജനങ്ങൾ മാറി ചിന്തിക്കുമെന്ന ആത്മവിശ്വാസത്തോടെ എൻ.ഡി.എയും കളം നിറയുകയാണ്.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ അവസാനഘട്ട പോരാട്ടത്തിന്റെ തിരക്കിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ കെ.എസ്. ശബരീനാഥനും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി. സ്റ്റീഫനും, എൻ.ഡി.എ സ്ഥാനാർത്ഥി സി. ശിവൻകുട്ടിയും.
 ഫുൾ എനർജിയിൽ ശബരീനാഥ്
തലയ്ക്ക് മുകളിൽ സൂര്യൻ തിളച്ച് മറിയുമ്പോഴും റോഡിന്റെ ഇരുവശങ്ങളിൽ കാത്ത് നിൽക്കുന്നവരെ വിട്ട് പോകാതെ അഭിവാദ്യം ചെയ്യുന്നതിൽ മാത്രമാണ് കെ.എസ്. ശബരീനാഥിന്റെ ശ്രദ്ധ. വിതുര പഞ്ചായത്തിലെ വാഹന പര്യടനത്തിനിടയിൽ കാത്ത് നിൽക്കുന്നവരെ കൈവീശി കാണിക്കാൻ മാത്രമല്ല,വിശേഷങ്ങൾ പറയാനും സമയം കണ്ടെത്തുന്നുണ്ട്. കളിയിക്കലിൽ വാഹനമെത്തിയപ്പോൾ വഴിയരികിൽ ഒരു മേശയും അതിന് പുറത്ത് തൊടിയിൽ നിന്ന് പറിച്ചെടുത്ത പൂക്കളുമായി പ്രദേശവാസികൾ കാത്തിരിക്കുന്നുണ്ടായിരുന്നു. പൂക്കളുമായി കാത്തിരുന്ന കുഞ്ഞുങ്ങളോട് വിശേഷങ്ങൾ ചോദിച്ച് രസിപ്പിച്ചു.
'ഇവിടുത്തെ ജനങ്ങൾക്ക് എന്നെ അറിയാം, എനിക്ക് ഇവരേയും. അതാണ് എന്റെ ബലം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം കാണാൻ വരുന്ന ജനപ്രതിനിധി അല്ല താൻ. എം.എൽ.എ ആയതുമുതൽ ഇവർക്കൊപ്പം ഞാനും സഞ്ചരിച്ചു'. പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ട് ചോദിച്ചു. ആദിവാസി വിഭാഗങ്ങൾക്ക് മാത്രമായി ഇനിയുള്ള രണ്ട് ദിവസങ്ങൾ മാറ്റിവയ്ക്കാനാണ് ശബരീനാഥിന്റെ തീരുമാനം.
'വോട്ട് ചോദിക്കുന്നത് മൂന്ന് കാര്യം ഉറപ്പ് നൽകിയാണ്. വികസനം, സാന്നിദ്ധ്യം, കരുതൽ. കഴിഞ്ഞ വർഷങ്ങളിൽ ചെയ്ത വികസനങ്ങളുടെ തുടർച്ച ഇനിയും ഉണ്ടാകും. കഴിഞ്ഞ ആറ് വർഷമായി നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെല്ലാം ജനങ്ങൾ കണ്ടിട്ടുണ്ടല്ലോ. വിജയം ആവർത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്'.
- കെ.എസ്. ശബരീനാഥൻ
 സംസ്ഥാനവും ഇടതിന്, അരുവിക്കരയും ഇടതിന്
ജയിക്കുമോ എന്ന ചോദ്യത്തിന് അതിൽ സംശയമുണ്ടോ എന്ന മറുചോദ്യമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി. സ്റ്റീഫനുള്ളത്. തുടർഭരണം സംസ്ഥാനത്ത് ഉറപ്പാണ്,അരുവിക്കരയും ഇക്കുറി മാറി ചിന്തിക്കും... നൂറ് ശതമാനം ആത്മവിശ്വാസത്തോടെയാണ് മറുപടികളോരോന്നും.
രാവിലെ എട്ട് മുതൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ കൂന്താണിയിൽനിന്നാരംഭിച്ച വാഹനപര്യടനത്തിന്റെ ആവേശം ഉച്ചവെയിലുറച്ചിട്ടും ഒട്ടും ചോർന്നിട്ടില്ല. പ്രവർത്തകരുടെ വലിയ സംഘമാണ് ആരവം മുഴക്കി ഇരുചക്രവാഹനങ്ങളിൽ സ്ഥാനാർത്ഥിയുടെ തുറന്ന ജീപ്പിനെ പിന്തുടർന്നത്. ഓരോ പോയിന്റുകളിലും ചുവന്ന ഹാരവുമായി പ്രവർത്തകരും കാത്തുനിന്നു.
ഇടത് സർക്കാർ ഇനിയും വരും, ജനപ്രതിനിധിയായാൽ നിങ്ങൾക്കൊപ്പം ഞാൻ എന്നുമുണ്ടാകും എന്ന വാഗ്ദാനമാണ് സ്റ്റീഫൻ കാത്തിരിക്കുന്നവർക്കെല്ലാം നൽകുന്നത്. അഞ്ച് വർഷക്കാലം കേരളത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഇടത് സർക്കാർ നടപ്പാക്കിയത്.
'ഒരുപാട് പ്രശ്നങ്ങളുണ്ടിവിടെ. കുടിവെള്ള പ്രശ്നം, റോഡുകളുടെ ശോചനീയാവസ്ഥ, പൊതുസ്ഥാപനങ്ങളുടെ കുറവ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. നഗരത്തിലേക്കുള്ള വെള്ളം കൊണ്ടുപോകുന്നത് അരുവിക്കരയിൽ നിന്നാണ്. എന്നാൽ ഇവിടത്തുകാർക്ക് വേണ്ടത്ര വെള്ളം കിട്ടുന്നില്ല. വിജയിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പിന്തുണ നൽകും'.
- ജി. സ്റ്റീഫൻ
 ശാന്തൻ, സൗമ്യൻ ശിവൻകുട്ടി
തിരഞ്ഞെടുപ്പ് ചൂടിലാണുള്ളതെങ്കിലും ശാന്തനാണ് എൻ.ഡി.എ സ്ഥാനാർത്ഥി സി. ശിവൻകുട്ടി. സൗമത്യയോടെയുള്ള പെരുമാറ്റം. ശാന്തമായാണെങ്കിലും വ്യക്തമായ മറുപടികൾ. വൈകിട്ട് മൂന്ന് മുതലാണ് വാഹനപര്യടനം ആരംഭിക്കുന്നതെങ്കിലും രാവിലെ മുതൽ വോട്ടർമാരെ കാണാനുള്ള തിരക്കിലാണ് ഇദ്ദേഹം. ഉഴമലയ്ക്കൽ പഞ്ചായത്തിലെ പ്രചാരണം ആരംഭിച്ചത് നല്ലിക്കുഴി മന്ത്രമൂർത്തി ശിവക്ഷേത്രത്തിൽ നിന്നാണ്. ക്ഷേത്രത്തിലെ പൊങ്കാലയ്ക്കെത്തിയ ഭക്തരോട് വോട്ട് ചോദിച്ചു. പിന്നീട് റോഡിലിറങ്ങി, ഓരോരുത്തരോടും വോട്ടഭ്യർത്ഥന. പ്രചാരണം മൂന്നാം ഘട്ടത്തിലെത്തിയിട്ടുണ്ട്. വോട്ടർമാരിൽനിന്ന് പോസിറ്റീവായ മറുപടികളാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളുടെ ഭാഗത്ത് നിന്ന്. നിഷ്കളങ്കരായ ജനതയാണ് അരുവിക്കര മണ്ഡലത്തിലുള്ളതെന്നാണ് ശിവൻകുട്ടിയുടെ അഭിപ്രായം. കഴിഞ്ഞ അഞ്ച് വർഷക്കാലമായി മണ്ഡലം ഭരിക്കുന്നത് യു.ഡി.എഫും സംസ്ഥാനം ഭരിക്കുന്നത് എൽ.ഡി.എഫുമാണ്. ഇവർ തമ്മിലുള്ള തർക്കവും ഈഗോയും മണ്ഡലത്തിന്റെ വികസനത്തെ ബാധിച്ചിട്ടുണ്ട്. ഇരുമുന്നണികളേയും മടുത്ത വോട്ടർമാർ തനിക്കൊപ്പം നിൽക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
'ആദിവാസി വിഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യമുള്ള ഇവിടെ വലിയൊരു പ്രശ്നമാണ് ചികിത്സാ സൗകര്യങ്ങളുടെ കുറവ്. ആധുനിക സൗകര്യമുള്ള ഒരു ആശുപത്രി ഇവിടില്ല. അത്യാഹിതം വന്നുകഴിഞ്ഞാൽ നഗരത്തിലെത്താൻ എറെ ബുദ്ധിമുട്ടാണ്. കോട്ടൂർ മേഖലയിലുള്ളവർ
റോഡിലെത്തണമെങ്കിൽ രണ്ട് മണിക്കൂർ നടക്കണം. രോഗിയെ ചാക്കിൽ കിടത്തി പിടിച്ച് കൊണ്ട് മല ഇറങ്ങേണ്ട അവസ്ഥയാണിപ്പോൾ'.
- സി. ശിവൻകുട്ടി