
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം തീരാൻ ഇനി ഒരാഴ്ച മാത്രം. എഴു ദിവസങ്ങൾക്കുള്ളിൽ സമ്മതിദായകരുടെ മനസിൽ ഇടംപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ.
വേനൽചൂടിൽ കളത്തിലിറങ്ങിയുള്ള ആർഭാടപ്രകടനങ്ങൾക്ക് ഒരു മുന്നണിയും താത്പര്യം കാട്ടുന്നില്ല. ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് കളം പിരിയും. വൈകിട്ട് നാലിന് ശേഷമാവും വീണ്ടും രംഗത്തിറങ്ങുക. കൊവിഡ് ഭീഷണി കാരണം പൊതുയോഗങ്ങളും പ്രാദേശിക കൂട്ടായ്മകളും നന്നെ കുറഞ്ഞു. ഗൃഹ സന്ദർശനത്തിന് എത്തിയാൽ സമ്മതിദായകർ അത്ര മമത കാട്ടാത്തത് പ്രവർത്തകരെ കുഴയ്ക്കുന്നുണ്ട്. അതേസമയം, സോഷ്യൽ മീഡിയയിലൂടെ പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. ഒപ്പം,പ്രഹരം കിട്ടുന്നുമുണ്ട്.
ഫ്ളക്സ് അടക്കമുള്ള പ്രചാരണോപാധികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ നിയന്ത്രണം തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
രണ്ടു മൂന്ന് ദിവസമായി കാലാവസ്ഥയും കാര്യങ്ങളാകെ തെറ്റിച്ചു. ഇടിയും മിന്നലുമായി വൈകുന്നേരങ്ങളിൽ എത്തുന്ന മഴ മിക്ക ജില്ലകളിലും പ്രചാരണ യോഗങ്ങൾ അലങ്കോലമാക്കി.കഴിഞ്ഞ ദിവസം കഴക്കൂട്ടം മണ്ഡലത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണാർത്ഥം മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ വൻ ജനക്കൂട്ടമായിരുന്നു. ഏറെ പറയാൻ തയ്യാറായാണ് മുഖ്യമന്ത്രി വന്നത്.പക്ഷേ, ആഞ്ഞു പെയ്ത മഴ എല്ലാം അലങ്കോലമാക്കി.
ആദ്യഘട്ടത്തിൽ ഏകപക്ഷീയ ജയം പ്രതീക്ഷിച്ച പല മണ്ഡലങ്ങളിലും സ്ഥിതി മാറി. പിരിമുറുക്കം കൂടുന്നു. മൂന്നു മുന്നണികൾക്കും പ്രതിസന്ധികളുണ്ട്. പുറമെ എല്ലാം ശരിയാണെന്നു തോന്നുമെങ്കിലും ഇടതു മുന്നണിയിലും ചില്ലറ പ്രശ്നങ്ങളുണ്ട്. ശബരിമല വിഷയത്തിലും എൻ.എസ്.എസുമായുള്ള ഉരസലിലും ചില നേതാക്കൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളിലെ വൈരുദ്ധ്യമാണ് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത്. എലത്തൂരടക്കം ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് യു.ഡി.എഫിന്റെ, പ്രത്യേകിച്ച് കോൺഗ്രസിന്റെ വിഷമം. ബി.ജെ.പി അഭിമാനപോരാട്ടമായി കരുതുന്ന നേമം മണ്ഡലത്തിൽ എം.എൽ.എയായ ഒ.രാജഗോപാൽ നടത്തിയ ചില പരാമർശങ്ങൾ എൻ.ഡി.എ പ്രവർത്തകരെ വിഷമവൃത്തത്തിലാക്കി.
അവസാന ലാപ്പിൽ മുന്നിലെത്താനുള്ള കഠിന പ്രയത്നത്തിനുള്ള സമയമാണ് അടുത്ത ഒരാഴ്ച. പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്രർ തുടങ്ങിയ വിശേഷ ദിവസങ്ങൾ ഈ ആഴ്ചയിലായത് പ്രതികൂലമായി ബാധിക്കും. എല്ലാ മുന്നണികളുടെയും മണ്ഡലപര്യടനം ഈ ആഴ്ചയിലാണ്. കാര്യങ്ങൾ സുഗമമായി മുന്നേറില്ലെന്ന ആശങ്ക മൂന്നു മുന്നണികൾക്കുമുണ്ട്.