
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേമ നിധി ബോർഡ് ഗുണഭോക്താക്കൾക്കുള്ള ഈ മാസത്തെ പെൻഷൻ വിതരണം തുടങ്ങി. മാർച്ച് 31നുള്ളിൽ വിതരണം പൂർത്തിയാക്കും. 6,46,756 പേർക്കാണ് ക്ഷേമനിധി ബോർഡ് പെൻഷന് അർഹത.
കുഞ്ചൻ നമ്പ്യാർ അവാർഡ് വിതരണം ഏപ്രിൽ രണ്ടിന്
തിരുവനന്തപുരം: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ 2020 ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് സമർപ്പണം ഏപ്രിൽ രണ്ടിന് രാവിലെ 10.30ന് പ്രസ് ക്ലബ് ഹാളിൽ നടക്കും. ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിക്കും. സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് കവിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ്മയ്ക്ക് സമ്മാനിക്കും. കവിയും കേരളകൗമുദി ന്യൂസ് എഡിറ്ററുമായ ഡോ. ഇന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. എ.ഡി.ജി.പി ബി.സന്ധ്യ കുഞ്ചൻ നമ്പ്യാർ സ്മാരക പ്രഭാഷണം നടത്തും. പഴുവടി രാമചന്ദ്രൻ, ഉണ്ണി അമ്മയമ്പലം എന്നിവർ സംസാരിക്കും. 25,001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. സമിതി ഏർപ്പെടുത്തിയ എ.ആർ.ഷാജി മെമ്മോറിയൽ കഥാ അവാർഡും, കവിത, ബാലസാഹിത്യ പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിക്കും.