cash

തിരുവനന്തപുരം:ശമ്പള കമ്മിഷൻ ശുപാർശ പ്രകാരം സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളവും വിരമിച്ചവരുടെ പെൻഷനും ഏപ്രിൽ രണ്ട് മുതൽ നൽകും. ഇതിനായി അവധി ദിവസങ്ങളായ 2 (ദുഃഖവെള്ളി),​ 4 (ഈസ്റ്റർ) തീയതികളിലും ട്രഷറികൾ പ്രവർത്തിക്കും.ക്രൈസ്തവ ജീവനക്കാർ ഹാജരാകേണ്ടതില്ല.

ശമ്പളവും പെൻഷനും സുഗമമായി നൽകാൻ കരുതൽ നീക്കിയിരിപ്പിൽ അധികം തുക മാർച്ച് 31ന് സൂക്ഷിക്കാനും ട്രഷറികൾക്ക് സർക്കാർ അനുവാദം നൽകി. ഏപ്രിൽ 3 വരെ ഈ തുക വിനിയോഗിക്കാം.

സർക്കാർ ജീവനക്കാർക്ക് അഞ്ചാം തീയതി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകേണ്ടതിനാലാണ് ശമ്പളം അതിനു മുമ്പ് നൽകുന്നത്.

ട്രഷറി ജീവനക്കാരുടെ

തിര. ഡ്യൂട്ടി ഒഴിവാക്കി

ട്രഷറി ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നൊഴിവാക്കാൻ കളക്ടർമാർ നിർദ്ദേശം നൽകി. ഇവരെ ഒഴിവാക്കാൻ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഉത്തരവുണ്ടായിട്ടും കളക്ടർമാർ തിരഞ്ഞെടുപ്പ് ചുമതല നൽകിയിരുന്നു. ഇത് ട്രഷറികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഒഴിവാക്കിയത്.