
വർക്കല:വർക്കല മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അജി എസ്.ആർ.എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് ഇന്ന് രാവിലെ വർക്കലയിലെത്തും. രാവിലെ 10ന് പാപനാശം ഹെലിപ്പാഡിൽ പ്രതിരോധ വകുപ്പിന്റെ ഹെലികോപ്ടറിലാണ് രാജ്നാഥ് സിംഗ് എത്തുന്നത്. ബി.ജെ.പിയുടെയുംഎൻ.ഡി.എയുടെയും പ്രധാന നേതാക്കൾ രാജ്നാഥ്സിംഗിനെ സ്വീകരിക്കും. ഹെലിപ്പാഡിൽ നിന്ന് കാർ മാർഗം വർക്കല താലൂക്ക് ആശുപത്രി പരിസരത്ത് എത്തിയശേഷം തുറന്ന ജീപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി അജി എസ് .ആർ. എമ്മിനോടൊപ്പം റോഡ്ഷോയിൽ പങ്കെടുക്കും.
റോഡ് ഷോ ആരംഭിക്കുന്ന താലൂക്ക് ആശുപത്രി ജംഗ്ഷനിൽ നിന്ന് ആയിരക്കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് റോഡ്ഷോ നഗരത്തിൽ പ്രവേശിക്കുന്നത്. മൈതാനം ജംഗ്ഷൻ വഴി വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാപിക്കും.
റോഡ് ഷോയുടെ സമാപനത്തോടനുബന്ധിച്ച് രാജ്നാഥ്സിംഗ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടർന്ന് അദ്ദേഹം ശിവഗിരിമഠം സന്ദർശിക്കും. ശാരദാമഠം, വൈദിക മഠം, ഗുരുദേവ റിക്ഷ മണ്ഡപം, ബോധാനന്ദ സ്വാമികളുടെ സമാധി പീഠം. ശ്രീനാരായണ ഗുരുദേവ മഹാസമാധി എന്നിവിടങ്ങളിൽ പുഷ്പാർച്ചന നടത്തും. രാജ്നാഥ് സിംഗിന്റെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്നലെ വർക്കലയിൽ എൻ.എസ് .ജി, ഇന്റലിജൻസ്,ഐ.ബി,പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ട്രയൽ റൺ നടത്തി. തിരുവനന്തപുരം റൂറൽ ജില്ലയിലെ പത്തോളം ഡിവൈ.എസ്.പിമാർ ഉൾപ്പെടെ 300-ഓളം പൊലീസുകാർ ട്രയൽ റണ്ണിൽ പങ്കെടുത്തു.
സ്വീകരണം നൽകും
വർക്കല:ഇന്ന് വർക്കലയിൽ എത്തുന്ന കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിന് വർക്കലയിൽ ഊഷ്മളമായ വരവേൽപ്പ് നൽകുമെന്ന് എൻ.ഡി.എ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇന്ന് രാവിലെ 10ന് ഹെലികോപ്റ്ററിൽ പാപനാശം ഹെലിപ്പാഡിൽ എത്തുന്ന രാജ്നാഥ്സിംഗിനെ ബി.ജെ.പി ജില്ലാ സെക്രട്ടറി ബാലമുരളി, വർക്കലയിലെ എൻ.ഡി.എ.സ്ഥാനാർത്ഥി അജി എസ്.ആർ.എം, ബി.ജെ.പി.സംസ്ഥാന കൗൺസിൽ അംഗം ഇലകമൺ സതീശൻ,വർക്കല മണ്ഡലം പ്രസിഡന്റ് ബിജു ഇലകമൺ, ബി.ഡി.ജെ.എസ്. ജില്ലാ വൈസ് പ്രസിഡന്റ് വിപിൻ രാജ്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് കല്ലമ്പലം നകുലൻ, ബി. ജെ. പി. നേതാക്കളായ കോവിലകം മണികണ്ഠൻ,ചാവർകോട് ഹരിലാൽ,അജു ലാൽതുടങ്ങിയവർ അദ്ദേഹത്തെ ഹാരാർപ്പണം നടത്തി സ്വീകരിക്കും.