തിരുവനന്തപുരം: കനകക്കുന്നിന് എതിർവശത്ത് സാംസ്‌കാരിക വകുപ്പ് നിർമ്മിച്ച ശ്രീനാരായണഗുരു പാർക്കിൽ പുസ്‌തകശാലയും ഗുരുപഠനവും ആരംഭിക്കും. ചെമ്പഴന്തി ശ്രീനാരായണഗുരു അന്തർദ്ദേശീയ പഠന കേന്ദ്രത്തിന്റെ ചുമതലയിലാണ് പദ്ധതികൾ തയ്യാറാകുന്നതെന്ന് പഠനകേന്ദ്രം ഡയറക്ടർ ഡോ.ബി. സുഗീത പറഞ്ഞു.
പാർക്കിൽ സ്ഥാപിക്കാനൊരുങ്ങുന്ന പുസ്‌തകശാലയിൽ വിവിധ ഭാഷകളിലുള്ള ഗുരുകൃതികൾ വില്പനയ്ക്ക് ലഭിക്കും. ഇംഗ്ലീഷിലും മറ്റു വിദേശ ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ട കൃതികളുടെ ഓരോ കോപ്പി വീതം സന്ദർശകർക്ക് വായിക്കാൻ നൽകുന്നതിനും ആലോചനയുണ്ട്. ഗുരുകൃതികൾ ചെറിയ ശബ്ദത്തിൽ ഇവിടെ കേൾപ്പിക്കുന്നതാണ് മറ്റൊരു പദ്ധതി. വൈകുന്നേരങ്ങളിൽ ഇവിടെ എത്തുന്നവർക്ക് ഇനി ഗുരു കൃതികളുടെ ആലാപനം കേൾക്കാം. ഗുരുസമാധി, ജയന്തി പോലുള്ള ദിവസങ്ങളിൽ കൂട്ടായ്‌മകൾ സംഘടിപ്പിക്കാനും സ്‌കൂൾ അധികൃതരുടെ ആവശ്യമനുസരിച്ച് കുട്ടികൾക്കായി ' ജീവിത ദർശനത്തെക്കുറിച്ചുള്ള ' ഗുരുവിന്റെ സന്ദേശങ്ങൾ പകർന്നുനൽകാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പാർക്കിന്റെ അകത്തും പുറത്തുമുള്ള മതിലിൽ സ്ഥാപിച്ചിട്ടുള്ള ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെക്കുറിച്ചുള്ള ശില്പങ്ങളെപ്പറ്റി സന്ദർശകർക്ക് വിവരിക്കാൻ ജീവനക്കാരിയെ നിയോഗിച്ചു.