മൂന്നുവർഷങ്ങൾക്കുശേഷം വീണ്ടും ഒരു ഷാരൂഖ് ഖാൻ ചിത്രം

sharuk

മൂന്നുവർഷം നീണ്ട വനവാസം അവസാനിപ്പിച്ച് ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് വീണ്ടും അഭിനയത്തിരക്കിന്റെ ലോകത്തേക്ക് തിരച്ചുവരുന്നു.2018-ൽ റിലീസായ സീറോ എന്ന ചിത്രത്തിനേറ്റ വൻ തിരിച്ചടി ഷാരൂഖ് ഖാന് ഏല്പിച്ച ആഘാതം നിസാരമായിരുന്നില്ല. ഹീറോ പെട്ടെന്ന് സീറോയായ പോലൊരു അവസ്ഥ.സീറോയുടെ പരാജയത്തോടെ ആശയക്കുഴപ്പത്തിലായ ഷാരൂഖ് ഖാൻ പ്രാദേശിക ഭാഷകളിലെ പല സംവിധായകരുമായും എഴുത്തുകാരുമായും ആശയ വിനിമയം നടത്തിയിരുന്നു. തിരിച്ചുവരേണ്ടത് ഒരു സൂപ്പർ ഡ്യൂപ്പർ ഹിറ്റിലൂടെതന്നെ വേണമെന്ന് ഷാരൂഖിന് നിർബന്ധമുണ്ടായിരുന്നു. ഷാരൂഖിന്റേതുൾപ്പെടെ ബോളിവുഡിൽ ഒട്ടേറെ ഹിറ്റുകൾ സൃഷ്ടിച്ച ഒന്നാംനിര ബാനറായ യഷ് രാജ് ഫിലിംസ് നിർമ്മിച്ച് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ എന്ന ചിത്രമാണ് മൂന്നുവർഷത്തെ ഇടവേള കഴിഞ്ഞ് ഷാരൂഖ് ഖാൻ കമ്മിറ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചുമാസമായി ഇൗ ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിലാണ് ഷാരൂഖ് ഖാൻ.ദുബായിലായിരുന്നു പത്താന്റെ ഒടുവിലത്തെ ഷെഡ്യൂൾ. ദുബായ് നഗരത്തിലെ തിരക്കേറിയ വീഥികളിൽ ചിത്രീകരിച്ച പത്താനിലെ ഒരു സംഘട്ടന രംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഋത്വിക് റോഷനും ടൈഗർ ഷ്‌റോഫും അഭിനയിച്ച വാർ എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ പർവേസ് ഷേയ്ക്കാണ് പത്താന്റെയും ആക്ഷൻ കോറിയോഗ്രഫി നിർവഹിക്കുന്നത്.ദീപികാ പദുക്കോണും ജോൺ എബ്രഹാമും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പത്താനിൽ അതിഥി താരമായി സൽമാൻഖാൻ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും വാർത്തകളുണ്ട്.

പത്താന് ശേഷം തമിഴിലെ യുവ സംവിധായകൻ ആറ്റ്‌ലി ഒരുക്കുന്ന ചിത്രത്തിലായിരിക്കും ഷാരൂഖ് ഖാൻ അഭിനയിക്കുക. ആഗസ്റ്റിൽ ചിത്രീകരണമാരംഭിക്കും.