vaccine

തിരുവനന്തപുരം:സംസ്ഥാനത്ത് ഏപ്രിൽ ഒന്നു മുതൽ 45ന് മുകളിൽ പ്രായമുള്ള 2.50 ലക്ഷം പേർക്ക് പ്രതിദിനം വാ‌ക്‌സിൻ നൽകാൻ സർക്കാർ തീരുമാനിച്ചു.

വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗമാണ് തീരുമാനിച്ചത്. 45 ദിവസം കൊണ്ട് വാക്‌സിനേഷൻ പൂർത്തീകരിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ്, ഉത്സവങ്ങൾ, പൊതു പരീക്ഷകൾ തുടങ്ങിയവ വരുന്ന സാഹചര്യത്തിൽ അതിവേഗത്തിൽ കൂടുതൽ പേർക്ക് വാ‌ക്‌സിൻ നൽകാനാണ് ശ്രമം. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കും. 45 വയസു കഴിഞ്ഞവർ ലഭ്യമാകുന്ന ആദ്യ അവസരത്തിൽ വാക്സിൻ സ്വീകരിക്കണം.

നിലവിൽ കൊവിഷീൽഡ് വാക്‌സിൻ ആദ്യ ഡോസായി സ്വീകരിച്ചവർ 42 ദിവസം മുതൽ 56 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് എടുക്കണം. കൊവാക്‌സിൻ എടുത്തവർ 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് സ്വീകരിക്കണം.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ കേരളം സ്‌റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ഐ.എം.എ, റോട്ടറി ക്ലബ്, ലയൺസ് ക്ലബ് പ്രതിനിധികൾ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ, ഡബ്ല്യു.എച്ച്.ഒ, യൂണിസെഫ്, യു.എൻ.ഡി.പി. പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.