court

തിരുവനന്തപുരം: വെള്ള, നീല കാർഡ് ഉടമകൾക്ക് പത്ത് കിലോ സ്പെഷ്യൽ അരി 15 രൂപയ്ക്ക് നൽകാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയതിനെതിരെ സർക്കാർ കോടതിയെ സമീപിക്കും. പ്രതിപക്ഷം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ വിലക്കേർപ്പെടുത്തിയത്.

ഇലക്‌ഷൻ കമ്മിഷൻ ഇടപെട്ടതോടെ ഭക്ഷ്യക്കിറ്റ് വിതരണവും ഒന്നാംതീയതി മുതൽ ആക്കിയിട്ടുണ്ട്. വിഷുവിനുള്ള കിറ്റാണിത്. വോട്ടെടുപ്പിന് മുമ്പ് പരമാവധി കിറ്റുകൾ വിതരണം ചെയ്യാനായിരുന്നു സർക്കാർ നീക്കം. അത് വോട്ട് തട്ടാനുള്ള അടവാണെന്ന് കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ പരാതി.

എ.എ.വൈ വിഭാഗങ്ങൾക്ക് സ്പെഷ്യൽ അരി ഏപ്രിൽ 31 ന് മുമ്പ് നൽകാനായിരുന്നു തീരുമാനം.

തിരഞ്ഞെടുപ്പു വിജ്ഞാപനത്തിന് മുമ്പാണ് അരി വിതരണത്തിന് സർക്കാർ ഉത്തരവിറക്കിയത്. അരി എത്താൻ വൈകിയതിനാൽ വിതരണം വൈകി. അരി എത്തിയപ്പോൾ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതിനാൽ വിതരണാനുമതിക്ക് സർക്കാർ തിരഞ്ഞടുപ്പു കമ്മിഷനെ സമീപിച്ചു. അപ്പോഴേക്കും പെരുമാറ്റച്ചട്ട ലംഘനം കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.

ഏപ്രിൽ ഒന്ന്, രണ്ട് തീയതികൾ അവധിയാണെങ്കിലും റേഷൻ കടകൾ തുറന്ന് അരി വിതരണം ചെയ്യാനാണ് ശ്രമം.