
തിരുവനന്തപുരം: വോട്ടർപട്ടികയിൽ ഇരട്ട വോട്ടുകൾ കടന്നുകൂടിയതിനെപ്പറ്റി ഹൈക്കോടതിയിൽ നൽകേണ്ട സത്യവാങ്മൂലം തയ്യാറാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻെറ സോഫ്ട് വെയറിൽ വിശദ പരിശോധന തുടങ്ങി.ഡൽഹിയിൽ നിന്നെത്തിയ മൂന്നംഗ സോഫ്ട് വെയർ വിദഗ്ദരാണ് പരിശോധിക്കുന്നത്.
ഏതൊക്കെ മണ്ഡലത്തിലാണ് വോട്ടുകൾ കൂടിയതെന്നും അതെങ്ങനെ സംഭവിച്ചുവെന്നുമുള്ള കാര്യങ്ങൾ വിശദമായി സത്യവാങ്മൂലത്തിൽ നൽകും. വോട്ടർ പട്ടികയിൽ പേരുള്ളവർ തന്നെ വീണ്ടും അപേക്ഷിച്ചതാണ് വോട്ട് ഇരട്ടിക്കാൻ കാരണമെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. മറ്റൊരു സ്ഥലത്തേക്ക് വോട്ട് മാറ്റിയവരുണ്ട്. പഴയ സ്ഥലത്തെ വോട്ട് മാറ്റിയിട്ടുമില്ല. ചില ഉദ്യോഗസ്ഥർ ബോധപൂർവം വോട്ടുകൾ ചേർത്തിട്ടുണ്ടെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇരട്ട വോട്ടുകൾ നീക്കം ചെയ്യുന്നതിന് നിയമപരമായ തടസ്സമുണ്ടെന്നും തിരഞ്ഞെടുപ്പിനുശേഷം ഇവ പൂർണമായും നീക്കം ചെയ്യുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ബോധിപ്പിക്കും.