chiru

ചിരഞ്ജീവിക്കൊപ്പം വീണ്ടും അഭിനയിക്കാനായതിന്റെ ആഹ്ളാദം പങ്കുവച്ച് മകൻ രാംചരൺ തേജ. തെലുങ്ക് ദേശത്തിന്റെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മകനും യുവതാരവുമായ രാംചരൺ തേജ മുപ്പത്തിയാറാം പിറന്നാളാഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്. രാം ചരണിനുള്ള ജന്മദിന സമ്മാനമായി ചിരഞ്ജീവിയുടെ പുതിയ ചിത്രമായ ആചാര്യയിലെ രാം ചരൺ തേജയുടെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിരഞ്ജീവിക്കൊപ്പം നീളൻ തോക്കുമായി രാംചരൺ തേജ നടന്നുവരുന്ന ചിത്രത്തിന് ആരാധകർ വൻ വരവേല്പാണ് നൽകിയത്. ആചാര്യയിൽ സിദ്ധ എന്ന കഥാപാത്രത്തെയാണ് രാംചരൺ തേജ അവതരിപ്പിക്കുന്നത്. രാജമൗലിയുടെ ആർ ആർ ആർ എന്ന ചിത്രത്തിൽ രാംചരൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ രാംചരണിന്റെ ജന്മദിനത്തിന് ഒരുദിവസം മുൻപേ പുറത്തു വന്നിരുന്നു. ഇരു ചിത്രങ്ങളിലും തീർത്തും വ്യത്യസ്ത ഗെറ്റപ്പിലാണ് രാംചരൺ പ്രത്യക്ഷപ്പെടുന്നത്. ആർ ആർ ആറിൽ അല്ലൂരി സീതാരാമരാജു എന്ന സ്വാതന്ത്ര്യ സമര പോരാളിയുടെ വേഷമാണ് രാംചരണിന്. ആചാര്യയിൽ ചിരഞ്ജീവിയും രാംചരണും നക്‌സലൈറ്റുകളായാണഭിനയിക്കുന്നതെന്നാണ് പുറത്തുവന്ന ഇരുവരുടെയും ചിത്രം നൽകുന്ന സൂചന. പൂജാ ഹെഗ്‌ഡേയാണ് ആചാര്യയിൽ രാംചരണിന്റെ നായികയാകുന്നത്. കാജൽ അഗർവാളാണ് ചിരഞ്ജീവിയുടെ നായിക. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ മേയ് 31ന് തിയേറ്ററുകളിലെത്തും. രാംചരണും നിരഞ്ജൻ റെഡ്ഡിയും ചേർന്ന് കൊനിഡേല പ്രൊഡക്ഷസിന്റെ ബാനറിലാണ് ആചാര്യ നിർമ്മിക്കുന്നത്. "അങ്ങയോടൊപ്പം ഒരു സീനിലെങ്കിലും ഒരുമിച്ച് നടക്കാൻ കഴിയുന്നത് തന്നെ എനിക്കൊരു സ്വപ്നസാഫല്യമാണ്. അങ്ങാണ് എന്നും എന്റെ ആചാര്യൻ. ഇതിലും നല്ലൊരു ജന്മദിന സമ്മാനം എനിക്ക് ലഭിക്കാനില്ല." ആചാര്യയിൽ ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രാംചരൺ തേജ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെയാണ്.