
തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം നിയമവിരുദ്ധവും ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നടപടിയുമാണെന്ന് എൻ.ഡി.എ സംസ്ഥാന കൺവീനറും കാട്ടാക്കടയിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ പി.കെ. കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളെ തകർക്കുന്നതാണ്. കാവൽമന്ത്രിസഭയ്ക്ക് നയപരമായ തീരുമാനമെടുക്കാൻ അധികാരമില്ല. യൂണിയൻ പട്ടികയിൽ ഉൾപ്പെടുന്ന കേന്ദ്രസർക്കാരിന് കീഴിലുള്ള അന്വേഷണ ഏജൻസിയാണ് എൻഫോഴ്സ്‌മെന്റ്. 1952 ലെ അന്വേഷണകമ്മിഷൻ നിയമമനുസരിച്ച് ജനങ്ങളുടെ പൊതുതാത്പര്യം മാനിച്ച് ഇത്തരം അന്വേഷണ കമ്മിഷനെ നിയമിക്കാം. എന്നാൽ സ്വർണക്കടത്ത്, ഡോളർ കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപെട്ടവർക്കെതിരെയുള്ള അന്വേഷണം ജനങ്ങളെ ഒരുതരത്തിലും നേരിട്ട് ബാധിക്കുന്നതല്ല. സ്വർണ,ഡോളർ കടത്ത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. എന്നാൽ അന്വേഷണം മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കും എതിരാണെന്ന് കണ്ടപ്പോഴാണ് ഇഡിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. സർക്കാരിന് അന്തസ്സും അഭിമാനവും ഉണ്ടെങ്കിൽ ജുഡിഷ്യൽ അന്വേഷണ തീരുമാനം പുനഃപരിശോധിക്കണം.