തിരുവനന്തപുരം: രക്തസമ്മർദ്ദം വളരെ കുറഞ്ഞ് അതീവ ഗുരുതരാവസ്ഥയിലെത്തിച്ച തിരുവനന്തപുരം പൂഴിക്കുന്ന് സ്വദേശിയായ നാലുവയസുകാരിയെ എക്‌മോ എന്ന നൂതന ചികിത്സാ സമ്പ്രദായത്തിലൂടെ കിംസ്‌ഹെൽത്തിലെ ഡോക്ടർമാർ രക്ഷപ്പെടുത്തി. തുടർച്ചയായ ഛർദ്ദിയും വയറുവേദനയും ക്ഷീണവും കാരണം മറ്റൊരു ആശുപത്രിയിൽ നിന്ന് ഫെബ്രുവരി 14നാണ് കുട്ടിയെ കിംസ്‌ഹെൽത്തിൽ എത്തിച്ചത്. പീഡിയാട്രിക് ഇന്റെൻസീവ് കെയർ ആൻഡ് എമർജൻസി കൺസൾട്ടന്റ് ഡോ. പ്രമീളയുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ കുട്ടിയുടെ രക്തസമ്മർദ്ദം അതിവേഗത്തിൽ താഴുന്നതും ഹൃദയമിടിപ്പ് മന്ദഗതിയിലാകുന്നതായും കണ്ടെത്തി. ഇതിനിടെ രണ്ടുതവണ ഹൃദയാഘാതമുണ്ടായി. ഇതോടെ കാർഡിയോ തൊറാസിക് ആൻഡ് വാസ്‌കുലർ സർജറി സീനിയർ കൺസൾട്ടന്റും വകുപ്പ് മേധാവിയുമായ ഡോ. ഷാജി പാലങ്ങാടൻ, കാർഡിയാക് അനെസ്‌തെറ്റിസ്റ്റ് ഡോ. സുഭാഷ് എന്നിവരുമായി കൂടിയാലോചിച്ച് അതിവേഗം കുട്ടിക്ക് എക്‌മോ നടത്താൻ തീരുമാനിച്ചു.

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ജീവൻ നിലനിറുത്താനാവാത്ത വിധം മന്ദഗതിയിലാകുമ്പോഴാണ് എക്‌മോ ഉപയോഗിക്കുന്നത്. ശരീരത്തിന് പുറത്തുനിന്ന് ഹൃദയത്തിനും ശ്വാസകോശത്തിനും പ്രവർത്തിക്കാനുള്ള സഹായം നൽകുന്ന ഈ ചികിത്സയിൽ രക്തം എക്‌മോ സംവിധാനത്തിലൂടെ കടത്തിവിട്ടശേഷം ശരീരത്തിലെത്തിക്കുകയാണ് ചെയ്യുക. കുഞ്ഞിന്റെ നെഞ്ചു തുറന്ന് സെൻട്രൽ എക്‌മോ പത്തുദിവസം ചെയ്‌തു. വൃക്കകളുടെ തകരാറ് പരിഹരിച്ച് പ്രവർത്തനം പൂർവ സ്ഥിതിയിലാക്കാൻ ഡയാലിസിസും, ഹൃദയമിടിപ്പ് മന്ദഗതിയിലായത് വീണ്ടെടുക്കാൻ എപ്പി കാർഡിയൽ കാർഡിയാക് പെയ്സിംഗും നടത്തി. കുഞ്ഞിന്റെ പിതാവിന് കൊവിഡ് ഉണ്ടായിരുന്ന പശ്ചാത്തലത്തിൽ രക്തപരിശോധന നടത്തുകയും അതിൽ ' ഇൻഫ്ളമേറ്ററി മാർക്കേഴ്സ് ' കൂടുതലായതിനാൽ പോസ്റ്റ് കൊവിഡ് സിൻഡ്രോം (എംഐഎസ്.സി ) എന്ന സംശയം സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതിന്റെ ചികിത്സയുടെ ഭാഗമായി ഐ.വി.ഐ.ജി ചികിത്സകളും ചെയ്‌തു. 13 ദിവസം കഴിഞ്ഞ് കുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. വളരെ വേഗം സുഖം പ്രാപിച്ച കുഞ്ഞിനെ പിറന്നാൾ ദിനത്തിൽ കിംസ്‌ഹെൽത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തതായി അധികൃതർ അറിയിച്ചു.