തിരുവനന്തപുരം: ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘത്തിലെ 6000 കുടുംബാംഗങ്ങൾക്ക് 8 കോടി രൂപയുടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി എച്ച്.ഡി.എഫ്.സി ബാങ്കുമായി ധാരണയായി. മാതാ അമൃതാനന്ദമയി സൗജന്യമായി നൽകിയ 1 കോടി രൂപയും അംഗങ്ങളുടെ സമ്പാദ്യമായ 1 കോടി രൂപയും ചേർത്ത് നിലവിൽ 2 കോടി രൂപയാണുള്ളത്. ഈ തുകയുടെ നാലിരട്ടിയാണ് ബാങ്ക് പല തൊഴിലവസരങ്ങൾക്കുമായി വ്യവസ്ഥകളോടെ ഓരോ യൂണിറ്റിനും നൽകുന്നത്. 1 ലക്ഷം രൂപ ലോൺ എടുക്കുന്നവർക്ക് 70,000 രൂപയാണ് തിരിച്ചടവ്. ലോൺ എടുക്കുന്ന വ്യക്തി മരണപ്പെട്ടാൽ അടച്ച തുക നോമിനിക്ക് ലഭിക്കും. ബാക്കി ലോൺ തുക അടയ്‌ക്കേണ്ട. ലോൺ എടുക്കുന്ന വ്യക്തി ആശുപത്രിയിൽ അഡ്മിറ്റായാൽ ദിവസവും 1000 രൂപ വീതം സൗജന്യമായി ലഭിക്കും. എല്ലാ അംഗങ്ങൾക്കും സൗജന്യ ഇൻഷ്വറൻസ് പരിരക്ഷയും ലോൺ തുക കൃത്യമായി അടച്ചുതീർത്താൽ അടുത്ത തവണ ബാങ്ക് അഞ്ചിരട്ടി തുക ലോൺ എന്നീ വ്യവസ്ഥകളോടെയാണ് അമൃതാ സ്വാശ്രയസംഘം പ്രസിഡന്റ് സി. വിഷ്‌ണുഭക്തന്റെ നിർദ്ദേശപ്രകാരം ബാങ്ക് എഗ്രിമെന്റ് ഒപ്പിട്ടത്. ചിറയിൻകീഴ് യൂണിറ്റിൽ ജനക്ഷേമകരമായ ഒട്ടനവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. സംഘാംഗങ്ങളുടെ കുടുംബത്തിൽപ്പെട്ട അമ്പതോളം പേർക്ക് മുൻവർഷത്തേതുപോലെ കൊച്ചി അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ചികിത്സ ഉറപ്പാക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസം സൗജന്യമായി നൽകും. ആശ്രമത്തിലെ ബാക്കിയുള്ള സ്ഥലം വിപുലീകരിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് അമ്മ അറിയിച്ചതായും പദ്ധതി കുടുംബാംഗങ്ങൾക്ക് ആശ്വാസമാണെന്നും സി. വിഷ്‌ണുഭക്തൻ പറഞ്ഞു.