palakkad

പാലക്കാട്: പരമ്പരാഗത ഇടതുകോട്ടകളുള്ള ജില്ലയെന്ന് അവകാശപ്പെടുമ്പോഴും പാലക്കാടിന്റെ രാഷ്ട്രീയ മനസ് പലപ്പോഴും വ്യത്യസ്തമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുകോട്ടകളായ പാലക്കാടും ആലത്തൂരും തകർന്നത് ഇടതുപക്ഷത്തെ ഞെട്ടിച്ചു. ലോട്ടറിയടിച്ച പോലെ ആഹ്ലാദിച്ച യു.ഡി.എഫിന് തദ്ദേശ തിരഞ്ഞെടുപ്പ് ഷോക്ക് ട്രീറ്റ്മെന്റായി മാറി. കേവല ഭൂരിപക്ഷം നേടി ജില്ലാ ആസ്ഥാനത്തെ നഗരം ബി.ജെ.പി പിടിച്ചെടുത്തതോടെ ആർക്കും പിടികൊടുക്കാതെ പ്രവചനാതീതമാകുകയാണ് പാലക്കാടിന്റെ മനസ്.

വി.എസ്. അച്യുതാനന്ദനെന്ന അതികായനെ പലകുറി നിയമസഭയിലെത്തിച്ച മലമ്പുഴയും പാലക്കാടും തങ്ങൾ അക്കൗണ്ട് തുറക്കുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനം ഇത്തവണ ഇരുമുന്നണികളുടെയും ഉറക്കംകെടുത്തുന്നുണ്ട്. നിലവിൽ 12 നിയോജക മണ്ഡലങ്ങളിൽ ഒമ്പതും ഇടതിനൊപ്പമാണ്. യു.ഡി.എഫിന്റെ വിജയം പാലക്കാട്, തൃത്താല, മണ്ണാർക്കാട് മണ്ഡലങ്ങളിൽ മാത്രമായിരുന്നു. ഇടതുപക്ഷത്തെ സിറ്റിംഗ് എം.എൽ.എമാരായ നാലുപേർ മത്സരിക്കാത്ത ഒറ്റപ്പാലം, തരൂർ, ഷൊർണൂർ, മലമ്പുഴ മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് ഇടതുപക്ഷം നേരിടുന്നത്.

സി.പി.എം ശത്രുപക്ഷത്ത് നിർത്തിയ വി.ടി. ബൽറാമിന്റെ തൃത്താലയിൽ മുൻ എം.പി. എം.ബി. രാജേഷ് എത്തിയതോടെ ഇവിടത്തെ മത്സരവും ചൂടേറും. മെട്രോമാൻ ഇ. ശ്രീധരന്റെ ജനകീയതയാണ് പാലക്കാട് പ്രവചനാതീതമാക്കുന്നത്. എൽ.ഡി.എഫിൽ ഒമ്പതിടത്ത് സി.പി.എമ്മും രണ്ടിടത്ത് സി.പി.ഐയും ചിറ്റൂരിൽ ജനതാദൾ എസുമാണ് മത്സരിക്കുന്നത്. ഒമ്പത് സീറ്റുകൾ കോൺഗ്രസിന് മുസ്ലിം ലീഗിന് രണ്ട് ഒരുസീറ്റ് സി.എം.പിക്ക് എന്നിങ്ങനെയാണ് യു.ഡി.എഫിലെ സീറ്റ് വിഭജനം.

കോൺഗ്രസിന്റെ യുവനിരയിലെ ശ്രദ്ധേയരായ വി.ടി. ബൽറാമും ഷാഫി പറമ്പിലുമാണ് തൃത്താലയും പാലക്കാടും സ്വന്തമാക്കി 2016ൽ കോൺഗ്രസിന്റെ അഭിമാനം കാത്തത്. മണ്ണാർക്കാട് പിടിച്ചെടുത്ത മുസ്‌ലിം ലീഗിലെ എം. ഷംസുദ്ദീൻ യു.ഡി.എഫ് നിരയിലെ മൂന്നാം വിജയിയായി. ജെ.എൻ.യു.വിലെ വിദ്യാർത്ഥിയെന്ന മേൽവിലാസത്തോടെ എത്തിയ മുഹമ്മദ് മുഹ്സിനും ജില്ലയിൽ നിന്ന് ജയിച്ചുകയറിയതാണ്.

തൃത്താലയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 8404 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 6178 വോട്ടിന്റെ മുൻതൂക്കം എൽ.ഡി.എഫിലേക്ക് മാറി. ബൽറാമിന്റെ എ.കെ.ജിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മാറിയ വോട്ടുകൾ അട്ടിമറിയ്ക്ക് സഹായിക്കുമെന്നാണ് സി.പി.എമ്മിന്റെ സ്വപ്നം. അതേസമയം എം.ബി.രാജേഷ് സ്ഥാനാർത്ഥിയായതോടെ അദ്ദേഹത്തിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളും മണ്ഡലത്തിൽ ചൂടേറിയ ചർച്ചയാണ്.

മലമ്പുഴയിൽ കടുത്ത മത്സരം

വി.എസില്ലാത്ത മലമ്പുഴയിൽ ഇത്തവണ കടുത്ത മത്സരമാണ് ഇടതുപക്ഷം നേരിടുന്നത്. ഓരോ തിരഞ്ഞെടുപ്പുകളിലും പടിപടിയായി വോട്ടുവിഹിതം വർദ്ധിപ്പിച്ച ബി.ജെ.പിയാണ് എൽ.ഡി.എഫിന്റെ പ്രധാന എതിരാളി. സി.പി.എം ജില്ലാകമ്മിറ്റി അംഗം എ. പ്രഭാകരനാണ് ഇടതുസ്ഥാനാർത്ഥി. ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി സി. കൃഷ്ണകുമാറാണ് എൻ.ഡി.എക്കായി കളത്തിലിറങ്ങിയിട്ടുള്ളത്. ഐ.എൻ.ടി.യു.സി നേതാവ് എസ്.കെ.അനന്തകൃഷ്ണനാണ് യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയാണ് മലമ്പുഴ എങ്കിലും ഇത്തവണ അടിയൊഴുക്കുകളുണ്ടാകുമെന്നാണ് സൂചന. എ. പ്രഭാകരനെതിരെ ഉയർന്ന പ്രതിഷേധം അതിന്റെ തെളിവാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പല പഞ്ചായത്തിലും യു.ഡി.എഫ് മൂന്നാമതായി പിന്തള്ളപ്പെട്ടത് അവരുടെ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിക്കുന്നുണ്ട്. ഈ സാഹചര്യം പരമാവധി അനുകൂലമാക്കുകയാണ് എൻ.ഡി.എ ലക്ഷ്യമിടുന്നത്. 27,000 ലധികം വോട്ടുകൾക്ക് വി.എസ്. വിജയിച്ച മണ്ഡലത്തിൽ ഇത്തവണ ആര് ജയിച്ചാലും ഭൂരിപക്ഷം പതിനായിരത്തിൽ താഴെയാകുമെന്നാണ് സൂചന.

 2016ൽ

എൽ.ഡി.എഫിന്- 44.4% വോട്ട്

യു.ഡി.എഫിന്- 36.74% വോട്ട്

എൻ.ഡി.എയ്ക്ക് -16.15% വോട്ട്