
തിരുവനന്തപുരം: കേരളത്തിൽ 35 സീറ്റ് കിട്ടിയാൽ ഭരണം നേടുമെന്ന ബി.ജെ.പി നേതാവിന്റെ പരാമർശവും ഗുരുവായൂരിൽ ഉൾപ്പെടെ എൻ.ഡി.എയ്‌ക്ക് സ്ഥാനാർത്ഥികൾ ഇല്ലാതായതും ബി. ജെ. പി - കോൺഗ്രസ് ഡീലിന്റെ തെളിവാണെന്ന് സി. പി. എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷം തുടർഭരണമെന്ന ചരിത്രം സൃഷ്ടിക്കുമെന്നും കേസരിഹാളിൽ ജനവിധി 2021 മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് - ബി.ജെ.പി ധാരണയുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ തന്നെ ബി.ജെ.പി-കോൺഗ്രസ് ധാരണയിൽ വോട്ട് മറിച്ചെന്ന യാഥാർത്ഥ്യം വെളിപ്പെടുത്തിയത് യെച്ചൂരി ചൂണ്ടിക്കാട്ടി.
സി.പി.എമ്മിന്റെ കാര്യം ഓർത്ത് എ.കെ ആന്റണി സങ്കടപ്പെടേണ്ട. ബി.ജെ.പി വിലയ്‌ക്കു വാങ്ങുന്ന കോൺഗ്രസ് എം.എൽ.എമാരെപ്പറ്റി ആശങ്കപ്പെട്ടാൽ മതി. പ്രഖ്യാപിച്ച രാജ്യസഭാ തിരഞ്ഞെടുപ്പ് ഇലക്‌ഷൻ കമ്മിഷൻ മാറ്റിയത് കേന്ദ്ര ഉപദേശം കേട്ടാണ്. അത് ഭരണഘടനാവിരുദ്ധമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ജുഡിഷ്യറിക്ക് പോലും ഇടപെടാനാകില്ല. ഇലക്‌ഷൻ കമ്മിഷൻ സ്വതന്ത്രമായി പ്രവർത്തിക്കണം.
എല്ലാ ജനകീയ പ്രശ്നങ്ങളിലും ശബ്ദമുയർത്താൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞു. സി.എ.എ, കർഷക സമരം തുടങ്ങി സാധാരണ ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് മാതൃകയായെന്നും യെച്ചൂരി പറഞ്ഞു.
കടകംപള്ളിയുടെ ഖേദപ്രകടനം പരിശോധിക്കും
സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണ് ശബരിമല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ചർച്ച വേണ്ട. കടകംപള്ളിയുടെ ഖേദപ്രകടനം ആവശ്യമെങ്കിൽ മുഖ്യമന്ത്രിയും സംസ്ഥാന കമ്മറ്റിയും പരിശോധിക്കും.മുൻ സത്യവാങ്‌മൂലം തിരുത്തുമോ എന്നതിന് പ്രസക്തിയില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധിക്ക് ശേഷം വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.