rajnath

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ ശബരിമലയിലെ ആചാരവും വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാൻ നിയമ നിർമ്മാണം നടത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറ‍ഞ്ഞു.

നൂറ് ശതമാനം സാക്ഷരതയും, പ്രകൃതി വിഭവങ്ങളുമുണ്ടായിട്ടും കേരളം വികസനത്തിൽ പിന്നിലായത് എന്തുകൊണ്ടെന്ന് മാറിമാറി ഭരിച്ച എൽ.ഡി.എഫും യു.ഡി.എഫും വ്യക്തമാക്കണം. ഇരുകൂട്ടരും യഥാർത്ഥത്തിൽ സൗഹൃദമത്സരത്തിലാണ്. ഇവിടെ ഏറ്റുമുട്ടുന്നവർ ബംഗാളിൽ പ്രണയത്തിലാണ്. കപട വാഗ്ദാനങ്ങൾ നൽകാതെ, പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഏതൊക്കെ പാലിച്ചെന്ന് എൽ.ഡി.എഫ് പറയണം. കൊവിഡ് കൈകാര്യം ചെയ്യുന്നതിലും സർക്കാർ പരാജയപ്പെട്ടു. കേരളത്തിൽ അഴിമതിയും അക്രമവുമാണ്. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശകമ്പനിയുമായി ധാരണാപത്രം ഒപ്പിട്ട സർക്കാർ മത്സ്യത്തൊഴിലാളികളെയും വഞ്ചിച്ചു.

കേന്ദ്രത്തിൽ 2019ൽ മത്സ്യബന്ധന വകുപ്പ് രൂപീകരിച്ചു. രാഹുലിന് ഇപ്പോഴും അതറിയില്ല. കർഷകർക്ക് കിസാൻ കാർഡ് പോലെ കേന്ദ്രസർക്കാർ മത്സ്യത്തൊഴിലാളികൾക്ക് ഫിഷർമെൻ കാർഡ് കൊണ്ടുവരും. കർഷകർക്ക് 6000 രൂപ നൽകിയതു പോലെ മത്സ്യത്തൊഴിലാളികൾക്കും ആനുകൂല്യം നൽകും. എല്ലാ കേന്ദ്രപദ്ധതികളും കേരളത്തിൽ നടപ്പാക്കും. ഭൂരഹിതരായ പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചേക്കർ കൃഷി ഭൂമിയും പാവപ്പെട്ട സ്ത്രീകൾക്ക് വർഷം ആറു ഗ്യാസ് സിലിണ്ടറും സൗജന്യമായി നൽകും.എല്ലാവരെയും വിശ്വാസത്തിലെടുത്തു മാത്രമേ ഏകീകൃത സിവിൽകോ‌ഡ് കൊണ്ടുവരൂ. . ക്രൂ‌ഡ് ഓയിൽ വില ഉയർന്നതിനാലാണ് ഇന്ധന വില കൂട്ടിയത്. സംസ്ഥാന സർക്കാരുകൾ നികുതി കുറച്ചാൽ വില കുറയുമെന്നും രാജ്‌നാഥ്‌സിംഗ് പറഞ്ഞു.