palm

തിരുവനന്തപുരം: വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവർ ഇന്നലെ ഓശാന ഞായർ ആചരിച്ചു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി നടന്ന ക്രിസ്തുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമയാണ് വിശ്വാസികൾക്ക് ഓശാന. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക തിരുകർമങ്ങൾ നടന്നു. കുരുത്തോല പ്രദക്ഷിണം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ നിയന്ത്രണം ഉണ്ടായിരുന്നു.
എറണാകുളം സെന്റ്‌ മേരീസ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്ക് സീറോ മലബാർ സഭ ആർച്ച്‌ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി.

പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊളിറ്റൻ കത്തീഡ്രലിലെ തിരുകർമങ്ങൾക്ക് ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസും പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും മുഖ്യകാർമികരായി.

കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു കഴിഞ്ഞ വർഷത്തെ വിശുദ്ധ വാരാചരണം. അഞ്ച് പേരിൽ കൂടുതൽ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാൽ വീടുകളിലാണ് ഓശാന മുതൽ ഈസ്റ്റർ വരെയുള്ള ചടങ്ങുകൾ വിശ്വാസികൾ ആചരിച്ചത്.