
തിരുവനന്തപുരം: ഇടതുപക്ഷക്കാർക്ക് ചുവന്ന പുട്ട്. കോൺഗ്രസുകാർക്ക് ത്രിവർണപുട്ട്. ബി.ജെ.പിയാണെങ്കിൽ കാവി പുട്ട്. മുസ്ലീം ലീഗുകാർക്ക് കിട്ടും പച്ചപ്പുട്ട്. എല്ലാം ഒരേ അടുപ്പിൽ, ഒരേ തീയിൽ ആവിയിൽ വേവിച്ച് 'പിന്നിൽ നിന്ന് കുത്തി' പാത്രത്തിലാക്കിയത്... തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിലെ കുറ്റിച്ചലിൽ നാട്ടുകാരനായ സുൽഫിക്കറിന്റെ 'ആമിന പുട്ടുകട'യിലാണ് വർണപ്പകിട്ടുള്ള രാഷ്ട്രീയ പുട്ട് കച്ചവടം.
ഭക്ഷണം കഴിക്കാൻ 'ആമിന പുട്ടുകട'യിൽ കയറിയ രാഷ്‌ട്രീയക്കാർക്ക്, കൊടിയുടെ നിറം നോക്കി സുൽഫിക്കർ പുട്ട് വിളമ്പി.ആദ്യം അമ്പരന്നെങ്കിലും കോമ്പിനേഷനായനായ പോത്തുകറികൂടി വന്നതോടെ കൊതിയടക്കാനായില്ല. പുട്ടിന് മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പേരാണ് സുൽഫിക്കർ നൽകിയത്.
ചുവന്ന പുട്ടിനെ സ്റ്റീഫൻ പുട്ടെന്നും ത്രിവർണ പുട്ടിനെ ശബരീനാഥൻ പുട്ടെന്നും കാവിപുട്ടിനെ ശിവൻകുട്ടി പുട്ടെന്നും വിളിക്കാം. സ്വതന്ത്രന്മാർ വിഷമിക്കണ്ട ,ഏഴുനിറങ്ങളുള്ള 'സുന്ദരി പുട്ടാണ് 'അവർക്കായി നൽകുന്നത്.
ഒരുകുറ്റി പുട്ടിന് 20 രൂപയാണ് വില. കെ.എസ്. ശബരീനാഥൻ ആദ്യമായി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് കൊടികളുടെ നിറമുള്ള പുട്ട് തയാറാക്കിയത്. സംഭവം ക്ളിക്കായി. പിന്നീട് എല്ലാ തിരഞ്ഞെടുപ്പിലും സുൽഫിക്കറിന്റെ മൊഞ്ചുള്ള കളർപുട്ടുകൾ മത്സരിച്ചു, വൻഭൂരിപക്ഷത്തോടെ ജയിച്ചു..
നിറക്കൂട്ട്
അരിപ്പൊടി, ഗോതമ്പ്, ചോളം, റാഗി,തിന എന്നിവ ഉപയോഗിച്ചാണ് പുട്ട് തയാറാക്കുന്നത്. നിറത്തിന് കൃത്രിമമായി ഒന്നും ഉപയോഗിക്കുന്നില്ല. വനത്തിൽ നിന്നു ശേഖരിക്കുന്ന ഒൗഷധ പച്ചിലകളാണ് പച്ചപ്പുട്ടിന് ചേർക്കുന്നത്. ചുവപ്പ് പുട്ടിന് ബീറ്റ്‌റൂട്ട്. കാവി പുട്ടിന് കാരറ്റ്.കുട്ടികൾക്കായി ഹോർലിക്സ് പുട്ട്, ചോക്ലേറ്റ് പുട്ട്, തേൻ പുട്ട്, മിക്സ്ചർ പുട്ട് എന്നിവയുമുണ്ട്. കൂവയിലയിലാണ് പുട്ട് വിളമ്പുന്നതെന്ന പ്രത്യേകതയുമുണ്ട്.