babu

ജനപ്രതിനിധിയുടെ സാമീപ്യം എന്നത്, ഇത്രയേറെ സംവാദങ്ങൾക്ക് വഴിമരുന്നിട്ട മണ്ഡലം തൃപ്പൂണിത്തുറയല്ലാതെ മറ്റൊന്നില്ല. സ്ഥാനാർത്ഥിയെ കാണാനില്ലെന്ന അപവാദപ്രചാരണം കോൺഗ്രസുകാർ നടത്തുന്നുവെന്നാക്ഷേപിക്കുന്നത് ഇടതുമുന്നണിയാണ്. എണ്ണമറ്റ വികസന പ്രവർത്തനങ്ങൾ നിരത്തിയാണ് എം.എൽ.എയുടെ സജീവ ഇടപെടലുകളെ അവർ എടുത്തുകാട്ടുന്നത്. ഇത് ഗൗനിക്കാതെ, അഞ്ച് വർഷം മുമ്പ് തിരഞ്ഞെടുത്തയച്ച എം.എൽ.എയെ ഇവിടെ കാണാനേയില്ലെന്ന ആക്ഷേപം യു.ഡി.എഫ് ശക്തമാക്കുന്നു. എം.എൽ.എയുടെ ഓഫീസ് തൃപ്പൂണിത്തുറയിലാണ് പ്രവർത്തിച്ചതെങ്കിലും മണ്ഡലത്തിന്റെ എല്ലാ ഭാഗത്തെയും ആളുകളെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പള്ളുരുത്തിയിലും കച്ചേരിപ്പടിയിലും ഇടക്കൊച്ചിയിലുമടക്കം താനെത്തിയെന്ന്, പള്ളുരുത്തി കോണം വെസ്റ്റ് പ്രദേശത്തെ സ്വീകരണപരിപാടിയിൽ സി.പി.എം സ്ഥാനാർത്ഥി എം. സ്വരാജ് ഓർമ്മിപ്പിച്ചു.

മറ്റുള്ളവരെപ്പോലെ തമ്പുരാനെ കാണാൻ വീട്ടുമുറ്റത്ത് കാത്തുകെട്ടിക്കിടക്കേണ്ട ഗതികേടുണ്ടാക്കിയില്ലെന്നാണ് യു.ഡി.എഫ് എതിരാളി കെ. ബാബുവിനെ ഉന്നമിട്ട്, സ്വരാജിന്റെ വാദം. ഇടതു തുടർഭരണമുണ്ടാകുമ്പോൾ ഇനിയും നിരവധിയായ വികസനങ്ങളെത്തിക്കാൻ തന്നെ വിജയിപ്പിക്കണമെന്നാണ് അഭ്യർത്ഥന.

2016ലെ ഇടതുതരംഗത്തിൽ കാലിടറിവീണശേഷം തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസിലെ കെ. ബാബു പറയുന്നത്, തന്നെ എപ്പോഴും മണ്ഡലത്തിന് പ്രാപ്യമാണെന്നാണ്. അഞ്ച് വർഷം മുമ്പ് സംഭവിച്ച കൈപ്പിഴ മണ്ഡലത്തിലെ ജനം തിരുത്തുമെന്നാണദ്ദേഹത്തിന്റെ അവകാശവാദം. "ഇപ്പോഴത്തെ എം.എൽ.എ അഞ്ച് വർഷം മുമ്പ് വോട്ട് പിടിക്കാനിറങ്ങിയപ്പോൾ പറഞ്ഞത്, ഇവിടത്തെ ഏതൊരാളും തിരുവനന്തപുരത്ത് ഏതെങ്കിലും ആവശ്യത്തിനെത്തിയാൽ തന്നെ ഒരു മിസ് കാൾ ചെയ്താൽ മതി, ഓട്ടോറിക്ഷ വന്ന് കൂട്ടിക്കൊണ്ട് പോയ്ക്കോളും എന്നായിരുന്നു. എന്നിട്ടെന്താ ഉണ്ടായേ? "- ബാബു ചോദിച്ചു.

മാറ്റം വേണമെന്നത് മണ്ഡലത്തിലെ പൊതുവികാരമാണെന്ന് ബാബു പറയുന്നു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട നിഷ്പക്ഷവോട്ടുകളെല്ലാം തിരിച്ചുവരും. സി.പി.എം ആധിപത്യമുള്ള മണ്ഡലമാണെങ്കിലും തൃപ്പൂണിത്തുറയിലെ പാർട്ടി കുടുംബങ്ങളിലെ വോട്ടുകളടക്കം തനിക്ക് കിട്ടുമെന്നാണ് ബാബു പറയുന്നത്. ബി.ജെ.പിക്കും കഴിഞ്ഞതവണത്തെ സ്വീകാര്യത കിട്ടില്ലെന്ന് ബാബു തറപ്പിച്ചുപറഞ്ഞു.

മണ്ഡലത്തിലെ എല്ലാ മരണവീടുകളും തപ്പിപ്പിടിച്ച് ചെല്ലുന്ന കെ.ബാബുവിന്, മരണവീട്ടിലെത്തുന്ന ബാബുവെന്ന അർത്ഥത്തിലൊരു ചെല്ലപ്പേര് തന്നെയുണ്ട്. കോണം

വെസ്റ്റിലെ സി.പി.എം സ്ഥാനാർത്ഥിയുടെ പര്യടനപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സ്വാഗതപ്രാസംഗികൻ അതിലേക്ക് മുനവച്ചൊരു കുത്തുകുത്തി: "മരണവീട്ടിലെല്ലാം ഓടിച്ചെന്ന് ചിരിച്ചും സംസാരിച്ചും നീങ്ങുന്നയാളുണ്ട്. എന്നാൽ, നമ്മുടെ എം.എൽ.എ മരണവീടുകളിലെത്തി ആ വീട്ടിലുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരുകയും അവർക്കെന്തെങ്കിലും സഹായമാവശ്യമെങ്കിൽ ചെയ്ത് നൽകുകയുമാണ്..."

2016ൽ തോറ്റശേഷവും മണ്ഡലത്തിൽ സജീവമായി നിലയുറപ്പിച്ചതാണ് ബാബുവിന്റെ ആത്മബലം. പള്ളുരുത്തി കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് ബാബുവിനെ കാണുമ്പോൾ അതുവഴി കാറിൽ കടന്നുപോയൊരാൾ വണ്ടി നിറുത്തി, ബാബുച്ചേട്ടന്റെ വോട്ടറാണെന്നുംപറഞ്ഞ് വന്ന് തോളത്ത് കൈയിട്ടു. ബാബു ചിരിച്ച് ആ സ്നേഹത്തിലമർന്നു. പ്രദേശത്ത് പന്തുകളിയിലേർപ്പെട്ട കുട്ടികൾക്കൊപ്പമെത്തി പന്തുതട്ടി. അവരിലൊരുത്തൻ ജേഴ്സിക്ക് പണം ചോദിച്ചു. നീ ആള് കൊള്ളാമല്ലോയെന്ന് മറുപടി.

ഇടതു, വലതു മുന്നണികളെ ജനം ഒരുപോലെ മടുത്തിരിക്കുന്നുവെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ബി.ജെ.പി സ്ഥാനാർത്ഥിയും മുൻ പി.എസ്.സി ചെയർമാനുമായ ഡോ.കെ.എസ്. രാധാകൃഷ്ണൻ. കുമ്പളം പഞ്ചായത്തിൽ യോഗപ്പറമ്പ് തുരുത്തിലൂടെ വോട്ടഭ്യർത്ഥിച്ച് നീങ്ങവേ, നൂറു ശതമാനം വിജയമെന്ന ആത്മവിശ്വാസം രാധാകൃഷ്ണൻ പങ്കുവച്ചു. തൃപ്പൂണിത്തുറ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ്. ശബരിമല യുവതീപ്രവേശന വിവാദത്തിലെ പ്രക്ഷോഭങ്ങളിൽ തനിക്കെതിരെയുണ്ടായ കേസുകളുടെ എണ്ണമെടുത്തുകാട്ടി അദ്ദേഹം വൈകാരിക മുതലെടുപ്പിനാണ് ശ്രമിക്കുന്നത്.

തൃപ്പൂണിത്തുറയിൽ പ്രൊഫ. തുറവൂർ വിശ്വംഭരനെ മത്സരിപ്പിച്ച 2016ൽ ബി.ജെ.പി നേടിയത് മുപ്പതിനായിരത്തിനടുത്ത് വോട്ടാണ്. അദ്ദേഹത്തിന്റേത് വ്യക്തിപരമായ സ്വീകാര്യതയെന്ന് വിശ്വസിക്കുന്ന ഇടതു,വലതു മുന്നണികൾ ഇത്തവണ ബി.ജെ.പി അത് പ്രതീക്ഷിക്കേണ്ടെന്നാണ് പറയുന്നത്. എന്നാൽ, ബി.ജെ.പി വോട്ട് ബാബുവിനായി മറിക്കുമെന്ന് ഇടതുപക്ഷമാരോപിക്കുന്നുണ്ട്. ശബരിമല മുൻതന്ത്രി ബാബുവിന് കെട്ടിവയ്ക്കാനുള്ള തുക നൽകിയതൊക്കെ ചർച്ചയാണ്.

ധീവര സമുദായത്തിനും സ്വാധീനമുള്ള ചെറു ദ്വീപുകളടങ്ങിയ മണ്ഡലത്തിൽ കെ.എസ്. രാധാകൃഷ്ണനെ ബി.ജെ.പി അവതരിപ്പിച്ചത് കരുതിക്കൂട്ടിയാണ്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലാണ് ബി.ജെ.പിക്ക് കാര്യമായ സ്വാധീനം. എൽ.ഡി.എഫ് ഭരിക്കുന്ന അവിടെ ബി.ജെ.പി രണ്ടാംസ്ഥാനത്താണ്. കൊച്ചി കോർപ്പറേഷനിലെ എട്ടുവാർഡുകളിൽ അഞ്ചിലും എൽ.ഡി.എഫാണ്. മരട് മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളിൽ ഇടതും ഭരിക്കുന്നു.ഈ രാഷ്ട്രീയമേൽക്കൈ തുണയാകുമെന്നുറച്ച വിശ്വാസം ഇടതിനെ നയിക്കുന്നു. ജനകീയപരിവേഷത്തിൽ മണ്ഡലത്തെ തിരിച്ചുപിടിക്കുമെന്ന് കെ. ബാബുവും. മൂന്നാം ശക്തിയാവാൻ ബി.ജെ.പിയും ശ്രമിക്കുമ്പോൾ മത്സരം അതിതീക്ഷ്ണം.

കണക്കുകൾ: 2016:

സി.പി.എം- 62,346, യു.ഡി.എഫ്- 58,230, ബി.ജെ.പി- 29843. ഇടതുലീഡ് 4467.

2011: യു.ഡി.എഫ്- 69886, സി.പി.എം- 54108, ബി.ജെ.പി- 4942. യു.ഡി.എഫ് ലീഡ് 15,778.

2019ലോക്‌സഭ: യു.ഡി.എഫ് 71631, എൽ.ഡി.എഫ് 52404, ബി.ജെ.പി 25304. യു.ഡി.എഫ് ലീഡ്19227.