sanu

തിരുവനന്തപുരം: ആരോഗ്യസർവകലാശാല ജനുവരിയിൽ നടത്തിയ ഒന്നാം വർഷ ബി.ഡി.എസ് പരീക്ഷയിൽ കൂട്ടത്തോൽവിയെന്ന ആരോപണവുമായി വിദ്യാർത്ഥികൾ.

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കോളേജുകളിൽ 50 ശതമാനത്തോളം വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും ജയിച്ചത്. ചില കോളേജുകളിൽ 75 ശതമാനം പേരും പരാജയപ്പെട്ടു. കൊവിഡ് കാലത്ത് പഠനം ഓൺലൈനായി മാത്രം നടന്നപ്പോൾ തിരക്കിട്ട് പരീക്ഷ നടത്തിയതാണ് കൂട്ടത്തോൽവിക്ക് കാരണമെന്നാണ് ആരോപണം.

നാല് വിഷയങ്ങളിലായി മൂന്ന് പരീക്ഷകളാണ് ബി.ഡി.എസ് ഒന്നാം വർഷക്കാർക്കുള്ളത്. ഇതിൽ രണ്ട് പരീക്ഷകളിൽ തോൽക്കുന്നവർക്ക് രണ്ടാം വർഷ പഠനത്തിന് യോഗ്യതയില്ല. ആറ് മാസം കഴിഞ്ഞ് വീണ്ടും പരീക്ഷ എഴുതി ഒന്നാം വർഷ പഠനം പൂർത്തിയാക്കണം..ഒരു പരീക്ഷയിൽ മാത്രമാണ് തോൽവിയെങ്കിൽ തുടർപഠനത്തിന് യോഗ്യത ലഭിക്കും. ഇത്തവണ പരാജയപ്പെട്ടവരിൽ വലിയ ശതമാനം വിദ്യാർത്ഥികൾ രണ്ട് വിഷയത്തിലും തോറ്റവരാണ്. തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്വകാര്യ ഡെന്റൽ കോളേജിൽ 99 വിദ്യാർത്ഥികളിൽ 51 പേർ മാത്രമാണ് എല്ലാ വിഷയങ്ങളിലും ജയിച്ചത്. മറ്റൊരു കോളേജിൽ 53 വിദ്യാർത്ഥികളിൽ 29 പേർ പരാജയപ്പെട്ടു. കണ്ണൂരിലെ ഒരു കോളേജിൽ 75 ശതമാനം വിദ്യാർത്ഥികൾക്കും പാസാകാനായില്ല. രണ്ടോ മൂന്നോ മാർക്കിന്റെ വ്യത്യാസത്തിൽ പലരും തോറ്റു.സാഹചര്യങ്ങൾ പരിഗണിച്ച് ചെറിയ മാർക്കിൽ പരാജയപ്പെട്ടവരുടെ ഉത്തരപേപ്പറുകൾ പുനർമൂല്യനിർണയം നടത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.