
പാറശാല: കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ നടക്കാത്തത് ഇവിടെ എൽ.ഡി.എഫ് ഭരിക്കുന്നതുകൊണ്ടാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.കെ. ഹരീന്ദ്രന്റെ പ്രചാരണാർത്ഥം മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലെ വികസനങ്ങളെക്കുറിച്ച് മനസിലാക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങളുമായി മുന്നോട്ടുവന്നിട്ടുള്ള കോൺഗ്രസും ബി.ജെ.പിയും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി ഓർക്കണമെന്നും വൃന്ദാ കാരാട്ട് പറഞ്ഞു. പാറശാല സ്വാതി കല്യാണ മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ ഉഷാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സാറാദേവി ,സ്ഥാനാർത്ഥി സി.കെ. ഹരീന്ദ്രൻ, എൽ. മഞ്ചുസ്മിത, ഗിരിജകുമാരി, അമ്പിളി, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.ആർ. സലൂജ, വി.എസ്. ബിനു, ബ്ലോക്ക് പഞ്ചായത്തംഗം എൽ. വിനുതകുമാരി, കെ. അംബിക, ഡി.കെ. ശശി, എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കള്ളിക്കാട് ചന്ദ്രൻ, എസ്.അജയകുമാർ, സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ അഡ്വ. പരശുവയ്‌ക്കൽ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.