ldf

മലയിൻകീഴ്: പണമൊഴുക്കിയും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും കേരളത്തിൽ അധികാരത്തിലെത്താനാണ് ബി.ജെ.പി ശ്രമമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പേയാട് ജംഗ്ഷനിൽ സംഘടിപ്പിച്ച കാട്ടാക്കട മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഐ.ബി. സതീഷിന്റെ തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ചില മണ്ഡലങ്ങളിൽ ബി.ജെ.പി - കോൺഗ്രസ് ഡീൽ ഉണ്ടെന്നും ഇവർ രണ്ടുകൂട്ടരും ഒന്നിച്ചാലും ഇടതുപക്ഷത്തെ തോല്പിക്കാനാകില്ലെന്ന് ജനങ്ങൾ തെളിയിക്കുമെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തിൽ വിജയിക്കുന്ന കോൺഗ്രസ് എം.എൽ.എമാരെ ചാക്കിലാക്കി ഭരണം നേടാമെന്ന ലക്ഷ്യത്തോടെയാണ് 35 സീറ്റ് കിട്ടിയാൽ അധികാരത്തിലെത്തുമെന്ന് ബി.ജെ.പി അവകാശപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ എ. സമ്പത്ത്, കാട്ടാക്കട ശശി, കെ.സി. വിക്രമൻ, എം.എം. ബഷീർ, ഐ. സാജു, എൻ.എം. നായർ, എൻ. ഭാസുരാംഗൻ, പള്ളിച്ചൽ വിജയൻ, ശ്രീലക്ഷ്മി, ജി. സുധാകരൻ നായർ എന്നിവർ പങ്കെടുത്തു.