
മീനച്ചിലാറിപ്പോൾ ശാന്തമായൊഴുകുകയാണ്. ഏപ്രിൽ ആറിന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ മഹാപ്രളയത്തിന് മുമ്പുള്ള ശാന്തതയാണിതെന്ന് പലരും അടക്കം പറയുന്നുണ്ട്. പാലാ മണ്ഡലത്തിലേക്ക് നേരിട്ടിറങ്ങിയാൽ അനുഭവിച്ചറിയാം.
മീനച്ചിൽ താലൂക്കിലെ 12 പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും ചേരുന്നതാണ് പാലാമണ്ഡലം. 1965 മുതലിങ്ങോട്ട് 2016വരെ കെ.എം. മാണിയെ മാത്രം തിരഞ്ഞെടുത്തയച്ച പാലാ. 2008ലെ മണ്ഡല പുനർവിഭജനശേഷം രൂപമെടുത്ത പുതിയ പാലായിൽ നിന്ന്, രണ്ടിലയെ നെഞ്ചോട് ചേർത്തുവച്ച പല പഞ്ചായത്തുകളും കടുത്തുരുത്തിയിലേക്ക് മാറ്റപ്പെട്ടു. കെ.എം.മാണിയെന്ന മാണിപ്രമാണിയുടെ പ്രാമാണികത്വത്തിന് അതിന്ശേഷമിങ്ങോട്ടാണ് അല്പാല്പം മങ്ങലേറ്റ് തുടങ്ങിയത്. ബാർകോഴ ആരോപണവിവാദം കൊടുമ്പിരിക്കൊണ്ട ശേഷമുണ്ടായ 2016ലെ തിരഞ്ഞെടുപ്പിൽ മാണിയുടെ ഭൂരിപക്ഷം 4703ലേക്ക് താഴ്ത്തിക്കെട്ടിയത് അന്നത്തെ ഇടതുസ്ഥാനാർത്ഥിയായ മാണി സി.കാപ്പനാണ്. 2019ൽ മാണിയുടെ നിര്യാണശേഷം പാലാ രണ്ടിലയെ കൈവിട്ട്, കാപ്പനെ പുൽകി. 2943വോട്ടെന്ന നേരിയ ഭൂരിപക്ഷമായിരുന്നെങ്കിലും അഞ്ച് പതിറ്റാണ്ടിന്ശേഷമുണ്ടായ മാറ്റം വഴിത്തിരിവായി.
ആ വിജയത്തിനിപ്പോൾ 16മാസത്തെ ആയുസാവുമ്പോൾ മാണി സി.കാപ്പൻ, അതുവരെ കെ.എം.മാണി പ്രതിനിധീകരിച്ച യു.ഡി.എഫ് പക്ഷത്താണ്. യു.ഡി.എഫ് ചേരിയിലായിരുന്ന കെ.എം.മാണിയുടെ മകൻ ജോസ് കെ.മാണി ഇടതുപക്ഷത്തും.
കത്തോലിക്കാസഭയ്ക്ക് അധീശത്വമുള്ള മേഖലയാണ് പാലാ ഉൾപ്പെടുന്ന കോട്ടയം ബെൽറ്റ്. ക്രൈസ്തവ വിശ്വാസികൾ ഈയാഴ്ച വിശുദ്ധവാരാചരണത്തിലേക്ക് കടക്കുകയാണ്. ഓശാനഞായർ ദിവസം പാലാ പട്ടണം വിജനമായിരുന്നു. തിരഞ്ഞെടുപ്പ് ചൂടിന്റെ ഒരാരവവും ആ പട്ടണത്തെ അലട്ടിയില്ല.
ഇടതുമുന്നണിക്കകത്തെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി വിട്ട് നാഷണലിസ്റ്റ് കോൺഗ്രസ് കേരള രൂപീകരിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയായ മാണി സി.കാപ്പനെ, പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ കണ്ടുമുട്ടി. നല്ല ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് കാപ്പൻ ഉറപ്പിച്ചു പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുപ്പത്തിമൂവായിരം വോട്ടിലൊതുങ്ങിയ ഇടത്തുനിന്ന് അമ്പത്തിനാലായിരത്തിനപ്പുറത്തേക്കെത്തിച്ച് വിജയിച്ചതാണ് ആത്മവിശ്വാസത്തിന് കൈമുതൽ. പാലാ പട്ടണത്തിൽ തുറന്ന അപൂർവം കടകളിലുള്ളവരെ ചേർത്തുപിടിച്ചാണ് കാപ്പന്റെ വോട്ടഭ്യർത്ഥന. തിരിച്ചും സ്നേഹപ്രകടനം.
ഇടതുസ്ഥാനാർത്ഥിയായി അവരുടെ പിൻബലത്തിലല്ലേ വിജയിച്ചതെന്ന് ചോദിച്ചപ്പോൾ, മറ്റേ പുള്ളി കഴിഞ്ഞതവണ യു.ഡി.എഫിലായിരുന്നില്ലേയെന്ന് മറുചോദ്യം. പതിനാറ് മാസം നന്നായി പ്രവർത്തിക്കാനായെന്നാണ് കാപ്പൻ പറയുന്നത്. ഇടതുപാളയം വിട്ട് യു.ഡി.എഫിലേക്ക് പോയപ്പോഴും കാപ്പൻ മുഖ്യമന്ത്രിയെ കുറ്റം പറയാതിരിക്കുക മാത്രമല്ല, ഇടതുസർക്കാർ ചെയ്തുതന്ന സഹായത്തിന് നന്ദിയും പറഞ്ഞു.
അതൊരു സൈക്കോളജിക്കൽ മൂവ് ആണെന്ന് വിലയിരുത്തുന്നവരുണ്ട്. പാലാക്കാർക്ക് കാപ്പനോട് സഹതാപവികാരമുണർത്തി വിടാൻ ഇത് സഹായിച്ചേക്കാം.എന്നാൽ, കാപ്പന്റെ നീക്കങ്ങളെ ജനം തള്ളിക്കളയുമെന്നുതന്നെ ജോസ് കെ.മാണി വിശ്വസിക്കുന്നു. ഇവിടെ നടന്നതെന്താണെന്ന് കൃത്യമായി ജനങ്ങൾക്കറിയാമെന്നാണ് പറയുന്നത്. "സീറ്റിന്റെ ചർച്ച പോലും തുടങ്ങുന്നതിന് മുമ്പേ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകാലം തൊട്ട് എനിക്കെതിരെ നീക്കങ്ങളാരംഭിച്ചില്ലേ. മുഖ്യമന്ത്രി തന്നെ വ്യക്തമായ മറുപടി കാപ്പന് നൽകിയിട്ടുണ്ട്"- ജോസ് പറഞ്ഞു.
കൊട്ടാരമറ്റത്തെ കരിങ്ങോഴയ്ക്കൽ വീട്ടിൽ കണ്ടപ്പോൾ ജോസ് കെ.മാണി വിജയപ്രതീക്ഷ പങ്കുവച്ചു. പൊതുവെയുള്ള ജനവികാരം ഇടതു തുടർഭരണത്തിന് അനുകൂലമാണെന്നാണ് ജോസ് വിലയിരുത്തുന്നത്. അമ്പത് വർഷക്കാലം മാണിസാർ ഈ മണ്ഡലത്തിന് ചെയ്ത കാര്യങ്ങൾ ജനത്തിനറിയാം. പാലാ മോഡൽ വികസനം കേരളത്തിന് മാതൃകയാണെന്നും ജോസ് കൂട്ടിച്ചേർത്തു. തൊട്ടപ്പുറത്തൊരു വീട്ടിലൊരുക്കിയ കുടുംബസംഗമത്തിനെത്തിയ ജോസ് അവിടെ കൂടിനിന്നവരെയെല്ലാം ചേർത്തുപിടിച്ചു. സെൽഫിയെടുക്കാൻ ചിലർ മത്സരിച്ചു.
പാലായിൽ എൻ.ഡി.എയ്ക്ക് നല്ല വിജയസാദ്ധ്യതയാണെന്ന് ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിനടുത്തെ ഓഡിറ്റോറിയത്തിൽ കണ്ടുമുട്ടിയപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി ഡോ.ജെ. പ്രമീളദേവി പറഞ്ഞു. നിലപാടുകളില്ലാത്ത രണ്ട് മുന്നണികളുടെയും ചാഞ്ചാട്ടങ്ങൾ, ജനങ്ങൾക്ക് അവരെ വിശ്വസിക്കാനാവാത്ത സ്ഥിതിയുണ്ടെന്നാണ് വാദം. മോദിയുടെ ജനാനുകൂല പദ്ധതികളും ജനങ്ങളെ ആകർഷിക്കുമെന്നവർ വിശ്വസിക്കുന്നു.ബി.ജെ.പി വിശ്വാസത്തിനടിസ്ഥാനം 2016മുതലിങ്ങോട്ട് വോട്ടുനിലയിലവർക്ക് വരുത്താനായ മുന്നേറ്റമാണ്. 2016ൽ കാൽലക്ഷത്തിനടുത്ത് വോട്ട് പിടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്കായി പി.സി. തോമസ് മാറ്റുരച്ചപ്പോൾ ഇരുപത്താറായിരമായി. കാപ്പൻ ജയിച്ച ഉപതിരഞ്ഞെടുപ്പിൽ വോട്ടുനില പതിനെട്ടായിരത്തിലേക്ക് താഴ്ന്നു. ഇതാദ്യമായി മുത്തോലി പഞ്ചായത്തിലും ഭരണം പിടിച്ചു.
തദ്ദേശസ്ഥാപനങ്ങളിലെ രാഷ്ട്രീയമേൽക്കൈ ഇടതിനൊപ്പമാണ്. പാലാ മുനിസിപ്പാലിറ്റിയിലും ആറ് പഞ്ചായത്തുകളിലും ജോസ് വിഭാഗത്തിന്റെ പിൻബലത്തിൽ ഇടതുഭരണമാണ്. അഞ്ചിടത്ത് യു.ഡി.എഫും. കാപ്പനോടൊപ്പം എണ്ണയിട്ട യന്ത്രംപോലെ നീങ്ങിയ ഇടതുസംഘടനാസംവിധാനമിപ്പോൾ ജോസിനൊപ്പമാണ്. കാപ്പന്റെ ഒറ്റയാൻ പോരാട്ടത്തിലൂടെ ഇതിനെ അതിജീവിക്കുകയെന്നത്
വെല്ലുവിളിയാണ്.പ്രത്യേകിച്ച് സി.പി.എമ്മിന്റേത് അഭിമാനപോരാട്ടമാകുമ്പോൾ. സഹതാപ അടിയൊഴുക്കുകൾ കാപ്പൻ പ്രതീക്ഷിക്കുന്നിടത്താണ് മത്സരം പ്രവചനാതീതമാകുന്നത്.
കണക്കുകൾ: 2019 ഉപതിരഞ്ഞെടുപ്പ്: എൽ.ഡി.എഫ് 54137, യു.ഡി.എഫ് 51194, ബി.ജെ.പി 18044. ഇടതുലീഡ് 2943.
2016: യു.ഡി.എഫ് 58884, എൽ.ഡി.എഫ് 54181, ബി.ജെ.പി 24821 യു.ഡി.എഫ് ലീഡ് 4703
2019 ലോക്‌സഭ: യു.ഡി.എഫ് 66971, എൽ.ഡി.എഫ് 33499, ബി.ജെ.പി 26533 യു.ഡി.എഫ് ലീഡ് 33472