
നെടുമങ്ങാട്: പ്രചാരണത്തിൽ വീറും വാശിയുമേറിയതോടെ വോട്ടുറപ്പിക്കാൻ പുതുതന്ത്രങ്ങൾ മെനയുകയാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. റബർ ഷീറ്റും ഒട്ടുപാലും ചുമക്കുക, മാർക്കറ്റിൽ മത്സ്യം വിൽക്കുക തേങ്ങ പൊതിക്കുക, പണിയിടങ്ങളിൽ ട്രാക്ടർ ഓടിക്കുക, വസ്ത്രശാലകളിൽ സെയിത്സ്മാനാവുക തുടങ്ങി ഓരോരോ വേഷങ്ങൾ. പ്രവർത്തകരും ഒട്ടും പിന്നിലല്ല. കെൽട്രോണിൽ വോട്ട് തേടിയെത്തിയ നെടുമങ്ങാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.ആർ അനിൽ കംപ്യൂട്ടർ ഓപ്പറേറ്ററുടെ പണി ഏറ്റെടുത്തപ്പോൾ, യു.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്. പ്രശാന്ത് അന്താരാഷ്ട്ര മാർക്കറ്റിൽ കർഷകർക്കൊപ്പം പച്ചക്കറി വിളകൾ ചുമലിലേറ്റി. എൻ.ഡി.എ സ്ഥാനാർത്ഥി ജെ.ആർ. പദ്മകുമാർ റബർ ഡിപ്പോകൾ സന്ദർശിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഷീറ്റും ഒട്ടുപാലും തരാതരം തിരിച്ച് വിലയിടിവിനെ കുറിച്ചായിരുന്നു പ്രചാരണം. വാമനപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയൻ എല്ലാപേരെയും കടത്തിവെട്ടി. വാമനപുരം മാർക്കറ്റിലെ നാളീകേര വില്പന കേന്ദ്രത്തിൽ ഇരുമ്പുപാര ഉപയോഗിച്ച് തേങ്ങ പൊതിച്ചാണ് ശ്രദ്ധ നേടിയത്. തൊട്ടടുത്ത പാറക്വാറിയിൽ എത്തിയപ്പോൾ ട്രാക്ടർ ഓടിച്ചും കൈയടി നേടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡി.കെ. മുരളി പാരലൽ കോളേജ് അദ്ധ്യാപകന്റെ വേഷത്തിലാണ് തിളങ്ങിയത്. എൻ.ഡി.എ സ്ഥാനാർത്ഥിയും മുൻ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനുമായ തഴവ സഹദേവൻ ഡിപ്പോകളിൽ ചെക്കിംഗ് ഇൻസ്പെക്ടറുടെ മാതൃകയിലായിരുന്നു. ചുട്ടുപൊള്ളുന്ന പൊരിവെയിലിൽ പ്രവർത്തകരെ ആവേശം കൊള്ളിക്കാൻ സ്ഥാനാർത്ഥികളുടെ വേഷപ്പകർഷകൾക്ക് സാധിക്കുന്നുണ്ട്. സ്വീകരണ പര്യടനത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ ജി.ആർ അനിൽ വെമ്പായം പഞ്ചായത്തിലായിരുന്നു പര്യടനം. വാദ്യമേളങ്ങളും പുഷ്പവൃഷ്ടിയും പൂത്തിരിമേളങ്ങളും സ്വീകരണ കേന്ദ്രങ്ങൾക്ക് ഉണർവേകി. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. ആർ. ജയദേവൻ, കൺവീനർ പാട്ടത്തിൽ ഷെരീഫ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ചെറ്റച്ചൽ സഹദേവൻ തുടങ്ങിയവർ നേതൃത്വം നല്കി. ഇന്ന് രാവിലെ അണ്ടൂർക്കോണം ജംഗ്ഷനിൽ പര്യടനം പുനഃരാരംഭിക്കും. പി.എസ് പ്രശാന്തിന്റെ പര്യടനം പോത്തൻകോട് കൊച്ചാലുമൂട്ടിൽ ആരംഭിച്ചു. പണിമൂല ക്ഷേത്രത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ടി.ശരത്ചന്ദ്രപ്രസാദ് സ്വീകരണ യോഗങ്ങളിൽ തീപ്പൊരി പ്രസംഗം വിതറി. അഡ്വ. എസ്. അരുൺകുമാർ, വട്ടപ്പാറ ചന്ദ്രൻ, കല്ലയം സുകു, തേക്കട അനിൽ തുടങ്ങിയവർ നേതൃത്വം നൽകി. ജെ.ആർ. പദ്മകുമാർ വട്ടപ്പാറ പച്ചക്കാട് ജംഗ്ഷനിൽ നിന്നാണ് പര്യടനം തുടങ്ങിയത്. കിഴക്കേകോണം, ശീമമുള, പള്ളിവിള, ഒഴുകുപാറ, കഴുനാട് പാലം, അമ്പലംനഗർ, മുക്കംപാലമൂട്, പന്തപ്ലാവ്, ചിറ്റാഴ, അന്നപൂർണേശ്വരി, മരുതൂർകോളനി, നെടുമൺ ക്ഷേത്രം. മുക്കോല, മാണാംകോട് കോളനി, ശിവജിനഗർ, പള്ളിവിള എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കല്ലയത്ത് സമാപിച്ചു. വെമ്പായത്ത് മഹിളാ സംഗമത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. പള്ളിപ്പുറം വിജയകുമാർ, പൂവത്തൂർ ജയൻ, നൂറനാട് ഷാജഹാൻ, കെ. ഉദയകുമാർ, മണികുട്ടൻ, പുലിപ്പാറ മണികണ്ഠൻ എന്നിവർ അനുഗമിച്ചു. ഇന്ന് നെടുമങ്ങാട് നഗരസഭയിലെ കല്ലുവരമ്പിൽ രാവിലെ 8 ന് പര്യടനം ആരംഭിച്ച് രാത്രി 10 ന് മന്നൂർകോണത്ത് സമാപിക്കും.
വാമനപുരവും അരുവിക്കരയും 'ഹൈറേഞ്ചിൽ"
അരുവിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജി. സ്റ്റീഫൻ കല്ലാർ മൊട്ടമൂട് ആദിവാസി കേന്ദ്രത്തിൽ പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ആശിർവാദം ഏറ്റുവാങ്ങിയാണ് പര്യടനം ആരംഭിച്ചത്. ക്ഷീണമകറ്റാൻ പഴവർഗങ്ങളും കായ്കനികളും ആദിവാസികൾ സമ്മാനിച്ചു. ഇലക്ഷൻ കമ്മിറ്റി കൺവീനർ കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. രാത്രി എട്ടോടെ വിതുര ചന്തമുക്കിൽ റോഡ് ഷോയുടെ അകമ്പടിയിൽ സമാപനം. ആനപ്പാറയിൽ നടന്ന പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ. മധു ഉദ്‌ഘാടനം ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ശബരിനാഥന്റെ പര്യടനം ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുന്നുനടയിൽ സിനിമാ നടൻ രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്തു. ഉഴമലയ്ക്കൽ മുതൽ ആര്യനാട് വരെ റോഡ് ഷോയും സംഘടിപ്പിച്ചു. പുളിമൂട്ടിൽ സമാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വിതുര ശശി, എ.ആർ. അസീസ്, മലയടി പുഷ്‌പാംഗദൻ, സി.ആർ. ഉദയകുമാർ എന്നിവർ നേതൃത്വം നൽകി. എൻ.ഡി.എ സ്ഥാനാർത്ഥി സി. ശിവൻകുട്ടിയുടെ പര്യടനം പൂവച്ചൽ വീരണകാവിൽ തുടങ്ങി. അമ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. രാത്രി ഏഴരയോടെ ചൂണ്ടുപലക ജംഗ്‌ഷനിൽ വർണാഭമായ റോഡ് ഷോ അരങ്ങേറി. ബി.ജെ.പി നേതാവ് മുളയറ രതീഷിന്റെ നേതൃത്വത്തിൽ ബി.ജെ.പി-യുവമോർച്ച പ്രവർത്തകർ അനുഗമിച്ചു. വാമനപുരം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡി.കെ. മുരളിയുടെ പര്യടനം പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി, തോട്ടം, വിനോദ സഞ്ചാര മേഖലകൾ പിന്നിട്ട് രാത്രി എട്ടരയോടെ പാലോട് ടൗണിൽ സമാപിച്ചു. ഇയ്യക്കോട്, വിട്ടിക്കാവ്, മങ്കയം, ഇടിഞ്ഞാർ, ഇടവം, ഞാറനീലി, കാട്ടിലക്കുഴി, പന്നിയോട്ടുകടവ് തുടങ്ങിയ ട്രൈബൽ സെറ്റിൽമെന്റുകളിൽ കാട്ടുപൂക്കൾ കൊണ്ടുള്ള മാല അണിയിച്ചാണ് ഡി.കെ മുരളിയെ ആദിവാസി കുടുംബങ്ങൾ എതിരേറ്റത്. യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയൻ കല്ലറ രക്തസാക്ഷി മണ്ഡപത്തിൽ പര്യടനം ആരംഭിച്ചു. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ ഉദ്‌ഘാടനം ചെയ്തു. വൈകിട്ട് പാട്ടറയിൽ റോഡ് ഷോയോടു കൂടി സമാപിച്ചു. ഇന്ന് രാവിലെ പെരിങ്ങമ്മല പഞ്ചായത്തിലെ പാലോട് ടൗണിൽ ആരംഭിച്ച് വൈകിട്ട് പനങ്ങോട് ജംഗ്‌ഷനിൽ സമാപിക്കും. തഴവ സഹദേവൻ നെല്ലനാട്, വാമനപുരം പഞ്ചായത്തുകളിൽ പര്യടനം നടത്തി.