s

കഴക്കൂട്ടം

എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ മെഡിക്കൽകോളേജ് മേഖലയിൽ പര്യടനം നടത്തി. രാവിലെ ശ്രീചിത്രാ ക്വോർട്ടേഴ്‌സിൽ നിന്നും ആരംഭിച്ച പര്യടനം വൈകിട്ടോടെ കോളനി ജംഗ്ക്ഷനിൽ സമാപിച്ചു.

എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രന്റെ പര്യടനം രാവിലെ ചെമ്പകവള്ളി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് കഴക്കൂട്ടം, ചന്തവിള വാർഡുകളിലൂടെ കഴക്കൂട്ടം ജംഗ്ക്ഷൻ വഴി ഉച്ചയോടെ വെട്ടുറോഡിൽ സമാപിച്ചു.വൈകിട്ട് പുന്നാട്ട് ക്ഷേത്രത്തിൽ നിന്നും ചന്തവിള വാർഡിൽ പര്യടനം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ്. ലാലിന്റെ വാഹന പര്യടനം വൈകിട്ട് പൗഡിക്കോണം വാർഡിൽ ചെക്കാലമുക്കിൽ നിന്നും ആരംഭിച്ച് സൊസൈറ്റി ജംഗ്ക്ഷനിൽ സമാപിച്ചു.

വട്ടിയൂർക്കാവ്

യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ്.നായർ രാവിലെ നാലാഞ്ചിറ,മുട്ടട,പേരൂർക്കട,വഴയില പ്രദേശങ്ങളിലെ വിവിധ ക്രിസ്ത്യൻ ആരാധനാലയങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. വൈകിട്ട് പേരൂർക്കട മേഖലയിലെ പ്രദേശങ്ങളിൽ പര്യടനം നടത്തി. എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ.പ്രശാന്തിന്റെ പര്യടനം ഇടപ്പഴഞ്ഞി പഴനി നഗറിൽ നിന്നും തുടങ്ങി ശാസ്തമംഗലം,നന്ദൻകോട്, കുന്നംകുഴി, കണ്ണമ്മൂല വാർഡുകളിൽ സ്വീകരണം വാങ്ങി പുത്തൻപാലത്ത് സമാപിച്ചു. വൈകിട്ട് വട്ടിയൂർക്കാവ് ജങ്ഷനിൽ നടന്ന പൊതുയോഗത്തിലും പങ്കെടുത്തു. എൻ.ഡി.എ സ്ഥാനാർത്ഥി വി.വി.രാജേഷ് രാവിലെ കവടിയാറിൽ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം നന്ദൻകോട്, മുട്ടട, കുറവൻകോണം,കവടിയാർ വാർഡുകളിലും ഉച്ചയ്ക്ക് ചട്ടമ്പിസ്വാമി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം കണ്ണമ്മൂല, കുന്നുകുഴി, പട്ടം, കേശവദാസപുരം വാർഡുകളിലും പര്യടനം നടത്തി. രാത്രി പരുത്തിപ്പാറയിൽ പര്യടനം സമാപിച്ചു.

നേമം

യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.മുരളീധരൻ അമ്പലത്തറ, മുട്ടത്തറ, പുത്തൻപള്ളി, പരുത്തിക്കുഴി എന്നിവിടങ്ങളിൽ പര്യടനം നടത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടിയുടെ പര്യടനം തിരുമല വാർഡിലെ ലക്ഷ്മിനഗറിൽ നിന്നും പര്യടനം ആരംഭിച്ച് തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, കൊങ്കളം തുടങ്ങിയ മേഖലകളിൽ പര്യടനം നടത്തി.എൻ.ഡി.എ. സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ആറ്റുകാൽ,അമ്പലത്തറ, നേമം,പൂജപ്പുര മേഖലയിൽ വികസനവിളംബരം പരിപാടിയിലും വിവാഹങ്ങളിലും പങ്കെടുത്തു.

തിരുവനന്തപുരം

യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാർ വിവിധ ക്രൈസ്തവ ആരാധനാലങ്ങളിലെത്തി വോട്ട് അഭ്യർത്ഥിച്ചു. തമ്പാനൂർ, കണ്ണേറ്റുമുക്ക്, കുഞ്ചാലുംമൂട്, കിള്ളിപ്പാലം എന്നിവിടങ്ങളിൽ പര്യടനം നടത്തി. ബി.ജെ.പി. സ്ഥാനാർത്ഥി ഞായറാഴ്ച വാഹനപര്യടനം നടത്തിയില്ല. ചിറക്കുളം,കരിമഠം ശബരിയാർ എന്നീ കോളനികളിലും പാർട്ടി യോഗങ്ങളിലും കുടുംബസംഗമത്തിലും പങ്കെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. ആന്റണി രാജു ഞായറാഴ്ച രാവിലെ പാൽക്കുളങ്ങര മേഖലയിൽ ഭവനസന്ദർശനം നടത്തി.ഉച്ചയ്ക്ക് സംയുക്ത ട്രേഡ് യൂണിയന്റെ തൊഴിലാളി സംഗമത്തിലും വൈകിട്ട് ഇടപ്പഴിഞ്ഞി, വഴുതക്കാട് പ്രദേശത്ത് പര്യടനവും നടത്തി.