kk

മലയിൻകീഴ്: തിരുവനന്തപുരം - കാട്ടാക്കട റോഡിൽ മലയിൻകീഴ് സഹകരണ ബാങ്കിനു സമീപത്തെ കൊടും വളവിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ കണ്ടല കാട്ടുവിള റോഡരികത്ത് വീട്ടിൽ ഹരികുമാറിന്റെ മകൻ വിഷ്ണു (26), ആക്ടീവ സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന മണപ്പുറം തേവറത്തല ഭാസ്‌കര മന്ദിരത്തിൽ പ്രസന്നകുമാർ (62) എന്നിവരാണ് മരിച്ചത്. ഇരവരുടെയും തലയ്‌ക്കാണ് പരിക്കേറ്റത്.

വിഷ്ണുവിനൊപ്പം സഞ്ചരിച്ചിരുന്ന പാറശാല സ്വദേശി വിപിൻ (27), പ്രസന്നകുമാറിനൊപ്പമുണ്ടായിരുന്ന മണപ്പുറം സ്വദേശി ഗോപകുമാർ (62) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.15നായിരുന്നു അപകടം. പ്രസന്നകുമാറും ഗോപകുമാറും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്ത പേയാട്ടെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടർന്ന് മലയിൻകീഴ്-തിരുവന്തപുരം റോഡിൽ ഗതാഗതം ഒരു മണിക്കൂർ തടസപ്പെട്ടു.