
തിരുവനന്തപുരം:പ്രതിപക്ഷത്തിന്റെ എതിർപ്പിനും, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടലിനുമിടെ, റേഷൻ കടകൾ വഴിയുള്ള സ്പെഷ്യൽ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് തുടങ്ങാൻ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ നിർദ്ദേശം നൽകിയെങ്കിലും ,ഇത് സാദ്ധ്യമാവുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിക്കാത്തതാണ് കാരണം.
.തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിലെ അവ്യക്തതയാണ് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്. സംസ്ഥാനത്തെ 85 ലക്ഷത്തിലേറെ കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം പൂർത്തിയാക്കാൻ ഇരുപത് ദിവസമെങ്കിലും വേണം. വിഷുവിന് ഇനി 16ദിവസമേയുള്ളു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രിൽ ആറു മുതൽ കിറ്റ് വിതരണം മതിയെന്നാണ് പ്രതിപക്ഷ നിലപാട്.
ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്ക് സ്പെഷ്യൽ കിറ്റുകൾ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ ഇന്ന് ഇ.പോസ് മെഷീൻ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയാൽ ഇന്ന് രാവിലെയോടെ അന്ത്യോദയ അന്നയോജന വിഭാഗങ്ങൾക്ക് (മഞ്ഞകാർഡ്) വിതരണം തുടങ്ങാനാകും. ഇതോടൊപ്പം, മാർച്ച് മാസത്തെ കിറ്റും ലഭിക്കും. ഫെബ്രുവരിയിലെ കിറ്റ് ഈ മാസം 31 വരെ വാങ്ങാം. 80 ലക്ഷത്തോളം പേർ ഇതിനകം ഫെബ്രുവരിയിലെ കിറ്റ് കൈപ്പറ്റി കഴിഞ്ഞു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ഫെബ്രുവരി 16നാണ് സ്പെഷ്യൽ കിറ്റ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഇതനുസരിച്ച് സാധനങ്ങൾ വാങ്ങുകയും പാക്ക് ചെയ്യ് കിറ്റ് തയ്യാറാക്കാൻ കരാർ നൽകുകയും ചെയ്തു. 1475 കോടി രൂപയും അനുവദിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം ഉത്തരവ് പുറപ്പെടുവിക്കുന്നതിനാണ് മുൻകൂർ അനുമതി വേണ്ടത്. ഉത്തരവ് നേരത്തെ ഇറക്കി നടപടികൾ പൂർത്തിയാക്കിയാൽ പിന്നീട് അനുമതി തേടേണ്ടതില്ല.
കൊവിഡ് കണക്കിലെടുത്ത് കഴിഞ്ഞ എട്ടുമാസമായി കിറ്റ് നൽകുന്നുണ്ട്. വിഷുവായതിൽ ഒൻപതിന് പകരം 14 സാധനങ്ങൾ ഉൾപ്പെടുത്തി സ്പെഷ്യൽ കിറ്റാക്കിയതാണ്..ഇത്തരത്തിൽ ഒാണം,ക്രിസ്മസ് കാലത്തും ചെയ്തിരുന്നു. ഇതാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ വിശദീകരണത്തിലും ഭക്ഷ്യവകുപ്പ് അറിയിച്ചത്.
"സ്പെഷ്യൽ കിറ്റ് ഇന്ന് മുതൽ വിതരണം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. .വിഷുവിന് മുമ്പ് എല്ലാവർക്കും കിറ്റ് കിട്ടും"
-ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ
അന്നം മുടക്കിയത് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച്: പിണറായി
പ്രതിപക്ഷം പ്രതികാരപക്ഷമായി
കോഴിക്കോട്: പ്രതിപക്ഷം ഇപ്പോൾ പ്രതികാരപക്ഷമായാണ് പ്രവർത്തിക്കുന്നതെന്നും,തിരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച് അന്നം മുടക്കിയത് ഇതിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തുടർച്ചയായി നുണ പറയുന്നതിൽ നിന്ന് പ്രതിപക്ഷ നേതാവ് ഇനിയെങ്കിലും പിന്മാറണം.
മാർച്ച്, ഏപ്രിൽ മാസത്തെ പെൻഷൻ നൽകാൻ ഫെബ്രുവരിയിൽ തീരുമാനിച്ചതാണ്. എന്നാൽ, മേയ് മാസത്തെ പെൻഷൻ മുൻകൂറായി നൽകുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. മാർച്ചും മേയും തിരിച്ചറിയാതായോ അദ്ദേഹത്തിന് ?. ഇനി തിരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞ് ജീവനക്കാരുടെ ശമ്പളം മുടക്കാനും മുതിരുമോ?. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് ഉത്തരവാദപ്പെട്ട കേന്ദ്രത്തിലേക്ക് പരാതി അയക്കുമ്പോൾ വസ്തുതാപരമായിരിക്കണം.
ഫെബ്രുവരി എട്ടിന് തിരഞ്ഞെടുപ്പ് സംബന്ധിച്ച് സൂചന പോലും വരാത്ത സമയത്താണ് ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ചെയ്യണമെന്ന ഉത്തരവിറക്കിയത്. വിശേഷ ദിവസങ്ങളോടനുബന്ധിച്ച് ക്ഷേമ പെൻഷനും ശമ്പളവും നേരത്തെ വിതരണം ചെയ്യാറുണ്ട്.
കൊവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തിലാണ് ഭക്ഷ്യക്കിറ്റ് നൽകാൻ തുടങ്ങിയത്. ഇത് പുതിയ കാര്യമല്ല. കുട്ടികൾക്ക് ഉച്ചക്കഞ്ഞിയുടെ ഭാഗമായുള്ള അരിയാണ് നൽകുന്നത്. ആദ്യഘട്ടം നേരത്തേ നൽകി. ഫെബ്രുവരി 20ന് പുതുക്കിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. മാർച്ച് മാസത്തിൽ തന്നെ പൂർത്തിയാക്കാനായിരുന്നു തീരുമാനം. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് സൗജന്യമെന്ന നിലയിലല്ല. അത് ജനങ്ങളുടെ അവകാശമാണ്. ഇതിന് ഇടങ്കോലിടുകയായിരുന്നു പ്രതിപക്ഷം.
ഗുരുവായൂരിലെ ലീഗ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ ബി.ജെ.പിയെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവിടെ ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ലാതായത് വെറുതെയല്ല. പൗരത്വം തെളിയിക്കാനുള്ള രേഖകൾ ലീഗുകാർ പൂരിപ്പിച്ച് നൽകുമെന്ന പ്രസ്താവന തിരഞ്ഞെടുപ്പ് ധാരണയ്ക്ക് തെളിവാണ്. എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ കിടപ്പാടം അവകാശമെന്ന നിയമം കൊണ്ടു വരും.. നാട്ടിൽ വന്ന മാറ്റങ്ങളെ വരമ്പത്തിരുന്ന് കല്ലെറിയുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്നം മുടക്കിയത് മുഖ്യമന്ത്രി: മുല്ലപ്പള്ളി
കോഴിക്കോട്: ആർഭാടത്തിനും ധൂർത്തിനും നികുതിപ്പണം ചെലവഴിച്ച് നാട്ടുകാരുടെ അന്നം മുടക്കിയത് മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ ആക്ഷേപിച്ചു. പ്രതിപക്ഷ നേതാവ് ആരുടെയും അന്നം മുടക്കിയിട്ടില്ല. അന്യന്റെ ചട്ടിയിൽ നിന്ന് അന്നം വാരുന്നവരെ തുറന്നു കാട്ടുകയായിരുന്നു. പി.ആർ ജോലികൾക്കായി സർക്കാർ കോടികൾ ചെലവഴിക്കുകയായിരുന്നു.
കോൺഗ്രസാണ് സൗജന്യ റേഷൻ കൊണ്ടുവന്നത്. കിറ്റിന്റെ പേരിൽ വോട്ട് പിടിക്കുന്നത് നാണക്കേടാണ്.
ശബരിമലക്കാര്യത്തിൽ സി.പി.എമ്മിൽ ആശയ പ്രതിസന്ധിയുണ്ട്. കടകംപള്ളി സുരേന്ദ്രനെതിരെ രേഖകൾ കൈയിലുണ്ടെന്നും പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
സപീക്കർക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തൽ ഒറ്റപ്പെട്ട സംഭവമല്ല. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത് കേന്ദ്ര ഏജൻസികളുടെ പിഴവാണ്. മുഖ്യമന്ത്രിയുമായി പരസ്യസംവാദത്തിന് തയ്യാറാണ്. വടകരയിൽ കെ.കെ.രമയെ ഉപാധികളില്ലാതെയാണ് യു.ഡി.എഫ് പിന്തുണയ്ക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ രമയും ഒപ്പമുണ്ടായിരുന്നു.
അന്നം മുടക്കൽതുടങ്ങിയത് ഉമ്മൻചാണ്ടി : ദിവാകരൻ
തിരുവനന്തപും: അന്നം മുടക്കൽ നടപടി തുടങ്ങിവച്ചത് ഉമ്മൻചാണ്ടിയാണെന്ന് സി.ദിവാകരൻ എം.എൽ.എ പറഞ്ഞു. 2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് രണ്ട് രൂപയ്ക്ക് ഒരു കിലോ അരിയും ഓണക്കാലത്ത് ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം നടത്താനുള്ള പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി 'രണ്ടു രൂപയ്ക്ക് അരി' പദ്ധതി തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെങ്കിലും തള്ളി.തുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഡോ. ഖുറേഷിയെ സമീപിച്ചു. അവിടെയും അംഗീകാരംകിട്ടിയില്ല. രമേശ് ചെന്നിത്തല അന്നം മുടക്കൽ കണ്ടുപഠിച്ചത് ഉമ്മൻചാണ്ടിയിൽ നിന്നാണെന്നും ദിവാകരൻ പറഞ്ഞു.