
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. ഇന്ന് ശംഖുംമുഖത്ത് ആറാട്ട് നടക്കും. ഇന്നലെ രാത്രി എട്ടോടെയാണ് പള്ളിവേട്ട ചടങ്ങുകൾ ആരംഭിച്ചത്. സന്ധ്യാശീവേലിക്ക് ശേഷം നാലാമത്തെ പ്രദക്ഷിണത്തോടെ ശ്രീപദ്മനാഭസ്വാമി, തിരുവമ്പാടി കൃഷ്ണൻ, നരസിംഹമൂർത്തി വിഗ്രഹങ്ങളെ ഗരുഡവാഹനത്തിൽ പടിഞ്ഞാറേനട വഴി പുറത്തേക്ക് എഴുന്നള്ളിച്ചു. സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലാണ് വേട്ടക്കളമൊരുക്കിയത്. തന്ത്രി തരണനെല്ലൂർ സജി നമ്പൂതിരിപ്പാട് സ്ഥാനി മൂലം തിരുനാൾ രാമവർമ്മയ്ക്ക് പൂജിച്ച അമ്പും വില്ലും നൽകി. തുടർന്ന് സ്ഥാനി ഇളനീരിൽ പ്രതീകാത്മകമായി അമ്പെയ്‌ത് വേട്ട നടത്തി. പെരിയേച്ചൻ ശംഖ് വിളിച്ച് പേട്ട നടന്നതായി അറിയിച്ചു. ഇതിനുശേഷം പാണി കൊട്ടി അമ്പലത്തിലേക്ക് വടക്കേനട വഴി വിഗ്രഹങ്ങളെ രാത്രി 9.25ഓടെ തിരിച്ചെഴുന്നള്ളിച്ചു. തുടർന്ന് ക്ഷേത്രത്തിൽ നടന്ന പൂജകളോടെ പള്ളിവേട്ട ചടങ്ങുകൾ സമാപിച്ചു.
ശംഖുംമുഖത്തെ ആറാട്ട് ചടങ്ങിലും ഘോഷയാത്രയിലും 200പേരെ മാത്രമേ പങ്കെടുപ്പിക്കൂ. ജില്ലാ ഭരണകൂടവും ക്ഷേത്ര ഭരണസമിതിയും നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ആനയും കുതിരപ്പൊലിസും ഉണ്ടാകില്ല. ക്ഷേത്രത്തിൽ നിന്നും പാസ് നൽകുന്നവരെ മാത്രമേ ഘോഷയാത്രയിൽ പങ്കെടുപ്പിക്കൂ. പദ്മനാഭസ്വാമിയോടൊപ്പം ശംഖുംമുഖത്ത് കൂടിയാറാട്ടിനായി വിഗ്രഹങ്ങൾ കൊണ്ടുവരുന്ന തൃപ്പാദപുരം മഹാദേവ ക്ഷേത്രം, ത്രിവിക്രമമംഗംലം മഹാവിഷ്ണു ക്ഷേത്രം, ഇരവിപേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ശ്രീവരാഹം ലക്ഷ്മിവരാഹമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ആനയെ അനുവദിക്കില്ല. ഈ ക്ഷേത്രങ്ങളിൽ നിന്ന് വിഗ്രഹങ്ങളെ പല്ലക്കിലോ ചപ്രത്തിലോ കൊണ്ടുവന്ന് ആറാട്ടുഘോഷയെ അനുഗമിക്കണം. ഓരോക്ഷേത്രത്തിൽ നിന്നും പരമാവധി 15 പേർക്ക് മാത്രമേ പാസ് നൽകൂ. ഘോഷയാത്രയിൽ ഭക്തജനങ്ങളെ അനുവദിക്കില്ല. കൂടിയാറാട്ടിനായി കൊണ്ടുവരുന്ന വിഗ്രഹങ്ങളെ അവരവർക്ക് നിശ്ചയിച്ച കടവുകളിൽ മാത്രമേ ആറാട്ടിന് അനുവദിക്കൂ. ശ്രീപദ്മനാഭ സ്വാമിയുടെ ആറാട്ടിന് 20 പേരെ മാത്രമേ അനുവദിക്കൂവെന്നും അധികൃതർ വ്യക്തമാക്കി. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ മാസ്‌ക് ധരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.