മലയിൻകീഴ്: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ മലയിൻകീഴിനെ ഞെട്ടിച്ച് ബൈക്ക് യാത്രക്കാരുടെ മരണം. മലയിൻകീഴ് സഹകരണ ബാങ്കിനു സമീപത്തെ കൊടും വളവിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിഷ്ണു, സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പ്രസന്നകുമാർ എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച ശേഷം തിരഞ്ഞെടുപ്പ് വാഹനത്തിൽ ഇടിച്ചുകയറുകയായിരുന്നു. ഇരുവരുടെയും ആകസ്മിക വേർപാടിന്റെ ഞെട്ടലിലാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ സി.പി.എം ബ്ലോക്ക് ഓഫീസ് ബ്രാഞ്ച് അംഗങ്ങളും സുഹൃത്തുക്കളുമായ പ്രസന്നകുമാറും ഗോപകുമാറും പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗോപകുമാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കെ.എസ്.ആർ.ടി.സിയിൽ മെക്കാനിക്കായിരുന്ന പ്രസന്നകുമാർ വിരമിച്ച ശേഷം പാർട്ടിയുടെ സജീവ പ്രവർത്തകനായി. നിലവിൽ ബ്ലോക്ക് ഓഫീസ് ബൂത്ത് കമ്മിറ്റി സെക്രട്ടറിയാണ്. രാത്രി വൈകിയാണ് പ്രസന്നകുമാറിന്റെ ഭാര്യ ശൈലജയും മക്കളായ അനൂപ്കൃഷ്ണനും അനന്തുകൃഷ്ണനും മരണവിവരം അറിയുന്നത്. പിതാവിന്റെ മരണം സഹിക്കാനാകാതെ അനന്തുകൃഷ്ണൻ മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. കൈയ്‌ക്ക് പരിക്കേറ്റ അനന്തു ചികിത്സയിലാണ്. അവിവാഹിതനായ വിഷ്ണു ഒന്നരമാസം മുമ്പാണ് ഗൾഫിൽ നിന്നുമെത്തിയത്. സുഹൃത്ത് പാറശാല സ്വദേശി വിപിനൊപ്പം തിരുവനന്തപുരത്ത് പോയി മടങ്ങുകയായിരുന്നു. വിപിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മലയിൻകീഴ് - കുണ്ടമൺകടവ് റോഡിൽ രണ്ട് മാസത്തിനിടെ ആറ് ജീവനുകളാണ് അപകടത്തിൽ പൊലിഞ്ഞത്.