kamal

കോയമ്പത്തൂർ: ''എനക്ക് ജാതി കെടയാത്. എനക്ക് മതം കെടയാത്. എനക്ക് മക്കൾ (ജനം)​ താൻ മതം.'' ഉലകനായകന്റെ വാക്കുകൾ കേട്ട് പ്രചാരണ വാഹനത്തിനു ചുറ്റുംകൂടിയ യുവാക്കൾ ആർത്തുവിളിച്ചു. ''അത് എപ്പടീങ്കെ ഇലക്ഷൻ നേരത്തിലെ ശൊൽറത ഡയലോഗ് താനെ?​ അപ്പടി കേൾക്കാതിങ്കേ. ഇത് ഊൺമൈ.'' കോയമ്പത്തൂരിൽ നിർമ്മാണം പുരോഗമിക്കുന്ന ഫ്ളൈഓവറിന് സമീപത്ത് വോട്ടു തേടിയെത്തിയ നടൻ കമൽഹാസൻ കത്തിക്കയറുകയാണ്.

മുന്നിൽ ടോർച്ചടിച്ച് വാഹനത്തിൽ അനൗൺസ്‌മെന്റുമായി നീങ്ങുന്നത് വനിതകളാണ്. അതിനു പിന്നിൽ പൊയ്ക്കാലിൽ നീങ്ങുന്നവർ. ഒരു വണ്ടിയിൽ ബാൻഡ്മേളം. അതിനും പിന്നിലാണ് കമൽഹാസന്റെ പ്രചാരണ വാഹനം .

ബി.ജെ.പിയെ ആക്രമിച്ചുകൊണ്ടായി പിന്നെ പ്രസംഗം. 'രാജ്യഭരണത്തിൽ തമിഴർക്ക് ഇടം നൽകാത്ത കക്ഷിയാണ് ഇവിടം നേടാൻ വന്നിരിക്കുന്നത്. മൈലാപ്പൂരിൽ മത്സരിക്കാതെ കോയമ്പത്തൂർ തിരഞ്ഞെടുത്തത് എന്തിനാണെന്ന് എന്നോട് ചിലരൊക്കെ ചോദിച്ചു. ഒരു സീറ്റ് കോയമ്പത്തൂരിൽ നിന്നും നേടാമെന്ന് താമര ആഗ്രഹിക്കുന്നു. ആ ഒരു സീറ്റുപോലും അവർക്ക് കിട്ടാതിരിക്കാനാണ് ഇവിടെ വന്നത്.

ഇപ്പോൾ ജനത്തിനു ജോലിയില്ല,​ കൂലിയില്ല. ഇതൊക്കെ കൊവിഡ് പോകുമ്പോൾ ശരിയാകും ജി.എസ്.ടി മാറുമ്പോൾ ശരിയാകും എന്നൊക്കെ പറയുന്നത് സത്യമല്ല. ഇതിനെല്ലാം കാരണം അൻപും സത്യസന്ധതയും ഇല്ലാത്ത രാഷ്ട്രീയക്കാരാണ്. നിങ്ങളുടെ ശബ്ദമാകാനാണ് ഞാൻ വോട്ടു ചോദിക്കുന്നത്. ''അരസിയൽ (രാഷ്ട്രീയം)​ എനക്ക് തൊഴിലല്ലൈ,​ എൻ കടമൈ''സമയം നോക്കി. രാത്രി പത്താകാറാകുന്നു. ഇനിയുമുണ്ട് ഏറെ സ്ഥലങ്ങൾ പോകാൻ. പത്തിനു ശേഷം പ്രാചാരണം പാടില്ല. കുറച്ചുമാറി ചുങ്കത്ത് ജനക്കൂട്ടം റോഡിന്റെ ഇരുവശത്തും കാത്തു നിൽക്കുന്നു. ''നാളൈ നമതേ...'' ഗാനം മുഴങ്ങി. ആ സ്പോട്ടിലേക്ക് കമൽ എത്തിപ്പോഴേക്കും പത്തായി. പിന്നെ അദ്ദേഹം ശബ്ദിച്ചില്ല. കൈവീശിക്കാണിച്ചും തൊഴുതും കടന്നുപോയി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു.

മലയാളി വോട്ട് നിർണായകം

പെരിയാർ നഗറിലെ കടകൾ മിക്കതും മലയാളികളുടേതാണ്. കണ്ണൂർ,​ പാലക്കാട്,​ തൃശൂർ ജില്ലകളിലുള്ളവർ. ആ തെരുവിൽ 40 ശതമാനം മലയാളികളാണ്. ഞായറാഴ്ച രാത്രി എട്ടിന് ജംഗ്ഷനിൽ ബാൻഡ് മേളം ഉയർന്നപ്പോൾ കുട്ടികളുമായി കമലിനെ കാണാനായി പോയത് ഏറെയും അമ്മമാരായിരുന്നു. അവർ ഒന്നര മണിക്കൂറിലേറെ കമലിനായി കണ്ണും നട്ടിരുന്നു. ഒടുവിൽ മക്കൾ നീതി മയ്യം നേതാക്കളുടെ അറിയിപ്പ്. 'തിരക്ക് കാരണം അദ്ദേഹം എത്തില്ല. മറ്റൊരു ദിവസം വരും'. ഇതോടെ ജനക്കൂട്ടം പിരിഞ്ഞു.'ഇത് ആരും കാശ് കൊടുത്ത് വന്നവരല്ല,​ താനെ വന്നതാണ്. ഇവിടത്തെ മലയാളികളുടെ വോട്ട് കൂടുതലും കിട്ടുന്നത് കമലിനായിരിക്കും'- ഒറ്റപ്പാലം സ്വദേശി കുമാരൻ പറഞ്ഞു. കമൽ രൂപീകരിച്ച മക്കൾ നീതിമയ്യം ആദ്യം അങ്കത്തിനിറങ്ങിയത് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലായിരുന്നു. അന്ന് പാർട്ടിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് കോയമ്പത്തൂരിലാണ്.