
കൊച്ചി: കൊച്ചി കാൻസർ സെന്ററിന്റെ പ്രവർത്തനം അനിശ്ചിതത്തിലേക്ക് നീങ്ങുന്നു. മൂന്നു വർഷത്തെ പ്രവർത്തനം കാലഘട്ടം പൂർത്തിയാക്കി കാൻസർ സെന്റർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ് പടിയിറങ്ങുന്നതോടെയാണ് പ്രവർത്തനങ്ങൾ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. 31 ഓടെ ഡയറക്ടർ പദവിയൊഴിഞ്ഞ് ഡോ. മോനി കുര്യാക്കോസ് പടിയിറങ്ങും.
നിലവിൽ രണ്ട് വർഷം മുൻപ് നിർമ്മാണം ആരംഭിച്ച പുതിയ കെട്ടിടത്തിന്റെ ജോലികൾ മൂന്ന് മാസമായി സ്തംഭിച്ചിരിക്കുകയാണ്. കരാറുകാരനെ നീക്കം ചെയ്തതിനെ തുടർന്ന് ഹൈക്കോടതിയിൽ കേസ് നടക്കുകയാണ് . കൊവിഡിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ ഒ.പി, കിമോ തെറാപ്പി വിഭാഗങ്ങൾ തിരികെ മെഡിക്കൽ കേളേജ് കാമ്പസിൽ എത്തിയിട്ട് ഏതാനും ആഴ്ചകൾ മാത്രമേ ആയിട്ടുള്ളു. കാൻസർ ഓപ്പറേഷനുകൾ ചെയ്തിരുന്ന മെഡിക്കൽ കേളേജിലെ ഓപ്പറേഷൻ തിയേറ്റർ ഇത് വരെ തിരിച്ച് കിട്ടിയില്ല.
2018 ഏപ്രിൽ രണ്ടിനാണ് ഡോ.മോനി കുര്യക്കോസ് ഡയരക്ടറായി എത്തുന്നത്. സ്വകാര്യ ആശുപത്രിയിലെ കനത്ത ശമ്പളം ഉപേക്ഷിച്ചാണ് ഇവിടെ എത്തുന്നത്. എറണാകുളം ജില്ലക്കാരനായ അദ്ദേഹം സ്വന്തം നാട്ടിൽ ഉയർന്നു വരുന്ന വലിയ കാൻസർ ആശുപത്രിയുടെ ഭാഗമാകാനാണ് എത്തിയതെന്ന് തുടക്കത്തിൽ പറഞ്ഞിരുന്നു. ഇന്ത്യയിലും വിദേശത്തും ജോലി ചെയ്തിരുന്ന ഇദ്ദേഹം മികച്ച കാൻസർ സർജനാണ്. മൂന്ന് വർഷത്തിനുള്ളിൽ വലിയ സംഭാവനകൾ നൽകുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. കിടത്തി ചികിത്സ ആരംഭിച്ചതും കാൻസർ സർജറികൾ ആരംഭിച്ചതും വലിയ നേട്ടങ്ങളാണ്. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് മെഡിക്കൽ കേളേജ് ഓപ്പറേഷൻ തിയേറ്റർ ഇല്ലാതായപ്പോൾ ഓപ്പറേഷനുകൾ മുടങ്ങാതിരിക്കുന്നതിനായി രോഗികൾക്ക് കടവന്ത്ര സഹകരണ ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കിയത് എത്രയോ പാവപ്പെട്ട രോഗികൾക്ക് സഹായകരമായി.
തീരുമാനം വ്യക്തിപരം
കഴിഞ്ഞ നവംബറിൽ തന്നെ പിരിഞ്ഞ് പോകുന്ന വിവരം മന്ത്രി ഉൾപ്പെടെയുള്ളവരെ അറിയിച്ചിരുന്നു. തീർത്തും വ്യക്തിപരമായ സാഹചര്യത്തെ തുടർന്നാണ് ഡയറക്ടർ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.
ഡോ. മോനി കുര്യാക്കോസ്
ഡയറക്ടർ
കൊച്ചി കാൻസർ സെന്റർ