
പേരും പെരുമയും കോട്ടം തട്ടാതെ നിലനിറുത്തുന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണ് എറണാകുളം സെന്റ് തെരേസാസ്. കളിപ്പാവകൾ സമ്മാനിച്ച് കൊച്ചു കുട്ടികളെ സന്തോഷിപ്പിക്കുന്ന സെന്റ് തെരേസാസിന്റെ മറ്റൊരു മുഖമാണ് ഇപ്പോൾ തെളിഞ്ഞുവന്നിരിക്കുന്നത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം ഇവർ പിടിച്ചുപറ്റിയിരിക്കുന്നു. മൻ കി ബാത്തിലാണ് കോളേജിന്റെ കളിപ്പാട്ടം പദ്ധതിയെ പ്രധാനമന്ത്രി പ്രശംസിച്ചത്. കോളേജിന് ചുറ്റും വർഷങ്ങളായി നിരവധി തയ്യൽക്കടകൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഇവിടെയെല്ലാം ചാക്ക് കണക്കിന് വെട്ടുതുണികൾ അധികം വരും. അടുത്ത കാലം വരെ ഇതെല്ലാം വെയ്സ്‌റ്റ് ആയാണ് കണക്കാക്കപ്പെട്ടിരുന്നത്.സെന്റ് തെരേസാസ് കോളേജിലെ പ്രതിജ്ഞാബദ്ധരും ഭാവനാസമ്പന്നരുമായ ഒരുസംഘം വിദ്യാർത്ഥിനികളുടെ ഇടപെടലോടെ ഇന്നലെ വരെ വെയ്സ്റ്റ് ആയിരുന്ന വസ്തുക്കൾ കളിപ്പാട്ടങ്ങളും തുണിസഞ്ചികളുമായി രൂപാന്തരം പ്രാപിച്ചു. 2015-ൽ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ കോളേജ് ആരംഭിച്ച പ്രവർത്തനങ്ങളുടെ ഭാഗമായാണ് തുണിബാഗുകൾ വിപണിയിലെത്തിച്ചും കളിപ്പാവകൾ അങ്കണവാടികളിലെത്തിച്ചും കോളേജ് ശ്രദ്ധ നേടിയത്.
2014-ൽ ലോക ബാങ്കും സംസ്ഥാന സർക്കാരും കൈകോർത്ത് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ സഹകരണത്തോടെ എറണാകുളം ജില്ലയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പഠനം നടത്തിയിരുന്നു. ഇതിന്റെ ആഘാതം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വെട്ടുതുണികൾ ഉപയോഗിച്ച് തുണിസഞ്ചികൾ നിർമ്മിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ ഒരു സ്വകാര്യ എൻ.ജി.ഒ ആയ ടൈ കേരള ഒന്നരലക്ഷം രൂപ പലിശ രഹിത വായ്‌പ നൽകി. കോളേജിൽ പ്രോസസിംഗ് യൂണിറ്റ് തയ്യാറാക്കാൻ കൊച്ചിൻ ഷിപ്പ്‌യാർഡ് 3.50 ലക്ഷം രൂപയും നൽകി. ഇതായിരുന്നു ആദ്യ മൂലധനം. ഇപ്പോൾ തുണിസഞ്ചിയും പെൻസിൽ ബോക്സും നിർമ്മിച്ച് വിദ്യാർത്ഥികൾ പ്രതിവർഷം മൂന്ന് ലക്ഷം രൂപ വരെ ലാഭമുണ്ടാക്കുന്നു. ജില്ലയിലൊട്ടാകെയുള്ള തയ്യൽക്കടകളിൽ നിന്ന് തദ്ദേശസ്ഥാപനങ്ങൾ വെട്ടുതുണികൾ ശേഖരിച്ച് ഇവർക്ക് നൽകുന്നു. കോളേജിലെ ഫാഷൻ ടെക്‌നോളജി വിഭാഗത്തിൽ പഠിക്കുന്നവരാണ് ബാഗ് ഡിസൈൻ ചെയ്യുന്നത്. 2015ൽ തുടങ്ങിയ പദ്ധതി 2021 ആയപ്പോൾ ലാഭം 12 ലക്ഷമായി. ഒരു തുണിസഞ്ചിക്ക് 250 മുതൽ 300 രൂപ വരെയാണ് വില. പെൻസിൽ ബോക്സിന് 20 മുതൽ 25 രൂപവരെ . കോളേജിൽ ചേരുന്ന ഓരോ വിദ്യാർത്ഥിനിയും ഒരു തുണിസഞ്ചി വീതം വാങ്ങിക്കും. ഇപ്പോൾ കോളേജിലെ വിദ്യാർത്ഥിനികളിൽ പലരും ഈ സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഇതിന് പുറമേ യു.എൻ.ഡി.പി, ഹരിത കർമ്മസേന, കേരള സ്റ്റാർട്ട് അപ് എന്നിവയുടെ സഹകരണത്തോടെ വെസ്റ്റേൺ ഗട്ട്‌സ് എന്ന പ്രകൃതി സംരക്ഷണ പദ്ധതിക്കും ഇവർ രൂപം നൽകിയിരിക്കുകയാണ്. ഇടുക്കിയിലെ കുട്ടികൾക്ക് മാൻപേടകളുടെ രൂപത്തിലുള്ള കളിപ്പാവകൾ നിർമ്മിക്കുന്നതാണ് ആദ്യഘട്ടം. കൊവിഡ് കാലത്ത് ചൈനയിൽ നിന്നുള്ള കളിപ്പാവകളുടെ വരവ് കുറഞ്ഞത് ഇവർക്ക് ഗുണകരമായി മാറി. കളിപ്പാവകളുടെ മാസ് പ്രൊഡക്‌ഷനുള്ള കമ്പനി തുടങ്ങാനാണ് വിദ്യാർത്ഥിനികൾ ആലോചിക്കുന്നത്. ബാംഗ്ളൂരിലെ ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. എളിയ രീതിയിൽ തുടങ്ങിയ ശ്രമം വലിയൊരു കമ്പനിയായി വളരുന്നതിന്റെ പടിവാതിൽക്കൽ വന്നുനിൽക്കുകയാണ്. പുസ്തകം മാത്രം പഠിച്ച് പരീക്ഷ പാസായി ഇറങ്ങിവരാൻ മാത്രമുള്ള സ്ഥലങ്ങളല്ല വിദ്യാലയങ്ങൾ എന്ന ഒരു വലിയ കാഴ്ചപ്പാടിലേക്കാണ് സെന്റ് തെരേസാസ് വിദ്യാർത്ഥിനികളുടെ യത്നം വാതിൽ തുറന്നിരിക്കുന്നത്.