
വിമോചന സമരത്തിലെ മുദ്രാവാക്യം ചികഞ്ഞെടുത്ത് എ.കെ. ആന്റണി
തിരുവനന്തപുരം: വിമോചന സമരകാലത്തെ മുദ്രവാക്യം വീണ്ടും ഓർത്തെടുത്ത് കോൺഗ്രസ് നേതാവ് എ.കെ.ആന്റണി തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം 'കടൽ കടലിന്റെ മക്കൾക്ക്' എന്ന പേരിലുള്ള തീരദേശ വികസനരേഖ പ്രകാശനം ചെയ്യവെയായിരുന്നു ഇത്.
"തെക്ക് തെക്കൊരു ദേശത്ത് ..തിരമാലകളുടെ തീരത്ത് ..ഭർത്താവില്ലാ നേരത്ത് ..ഫ്ലോറിയെന്നൊരു ഗർഭിണിയെ ..ചുട്ടുകരിച്ചൊരു സർക്കാരേ ..പകരം ഞങ്ങൾ ചോദിക്കും 'എന്ന ആറ് പതിറ്റാണ്ട് മുമ്പത്തെ മുദ്രാവാക്യം അദ്ദേഹം വീണ്ടും ചൊല്ലി. കടലിന്റെ മക്കൾ ഇളകിയാൽ, അവർ ഒരുമിച്ചിറങ്ങി മുദ്രാവാക്യം വിളിച്ചാൽ തലസ്ഥാനത്തിരുന്ന് ആർക്കും ഭരിക്കാൻ കഴിയില്ല. അത് കേരളം കണ്ടതാണ്. മത്സ്യത്തൊഴിലാളികൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അവർക്കായി നിരവധി പദ്ധതികൾ യു.ഡി.എഫിന്റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൽ.ഡി.എഫുകാർ പലതും പറയുന്നുണ്ടെങ്കിലും, മേയ് മാസം പകുതിയോടെ യു.ഡി.എഫായിരിക്കും ഭരണത്തിലെത്തുന്നതെന്നും ആന്റണി പറഞ്ഞു.
ബീമാപള്ളി റഷീദ് അദ്ധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളികളായ പൗളി ആൽബി,ബ്രിജിൻ മേരി തോബിയാസ് എന്നിവർ വികസനരേഖ ഏറ്റുവാങ്ങി. സ്ഥാനാർത്ഥി വി.എസ്. ശിവകുമാർ, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ടി.ശരത്ചന്ദ്ര പ്രസാദ്, ശൂരനാട് രാജശേഖരൻ, പന്തളം സുധാകരൻ,ജനറൽ സെക്രട്ടറി പാലോട് രവി എന്നിവരും പങ്കെടുത്തു.