
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശീല വീഴാൻ അഞ്ച് ദിവസം ശേഷിക്കെ, ആവനാഴിയിലെ അവസാനത്തെ അസ്ത്രവും പ്രയോഗിക്കുന്ന മൂന്ന് മുന്നണികളും ജീവന്മരണ പോരാട്ടത്തിലാണ്.
വീടുകൾ കയറിയിറങ്ങി വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് പ്രവർത്തകർ. സർക്കാരിൻെറ നേട്ടങ്ങൾ എടുത്ത് കാട്ടിയാണ് എൽ.ഡി.എഫ് പ്രവർത്തകർ വോട്ട് തേടുന്നതെങ്കിൽ, സർക്കാരിൻെറ അഴിമതിക്കഥകൾ ചെല്ലിയാണ് യു.ഡി.എഫിൻെറ വോട്ട് പിടുത്തം. മാറ്റം അനിവാര്യമാണെന്ന സന്ദേശമാണ് എൻ.ഡി.എ നൽകുന്നത്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ പോരാട്ടം ഇഞ്ചോടിഞ്ചാണ്. സ്ഥാനാർത്ഥികൾ മണ്ഡലങ്ങളിലെ സ്വീകരണത്തിരക്കിലും. മുക്കിന് മുക്കിന് സ്വീകരണം. എല്ലായിടത്തും അണികളുടെയും പ്രവർത്തകരുടെയും കൂട്ടം. ആർക്കും വായിച്ചെടുക്കാനാവാത്ത രീതിയിൽ മത്സരം മാറിയിരിക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണം കത്തിക്കയറും. പലയിടത്തും വാതുവയ്പുകൾ തുടങ്ങി. ഒപ്പം സർക്കാരിൻെറയും പ്രതിപക്ഷത്തിൻെറയും നേട്ടങ്ങളെയും കോട്ടങ്ങളെയും കീറി മുറിച്ചുള്ള ചർച്ചകളും.
നാട്ടിന്റെ മുക്കിലും മൂലയിലും ചെറുതും വലുതുമായ സ്ക്വാഡുകൾ സജീവം. മൂന്ന് മുന്നണികളുടെയും ദേശീയ നേതാക്കളടക്കം കളത്തിലുണ്ട്. വിജയസാദ്ധ്യതയിൽ സംശയത്തിൻെറ നിഴലുള്ള മണ്ഡലങ്ങളിൽ ദേശീയ നേതാക്കളെയിറക്കി റോഡ് ഷോ വഴി വോട്ട് മറിക്കുന്ന തന്ത്രം എല്ലാ മുന്നണികളും പയറ്റുന്നു. നേതാക്കളെ കാണാൻ വോട്ടർമാരുടെ വലിയ കൂട്ടമാണ്. ഇതെല്ലാം വോട്ടായി മാറുമോ എന്നതാണ് ചോദ്യം. ആടി നിൽക്കുന്ന വോട്ടുകൾ തങ്ങളുടേതാക്കാൻ തന്ത്രങ്ങൾ മെനയുകയാണ്. അതിനായി സ്വാധീനമുള്ളവരെ ഇറക്കി വോട്ട് മറിക്കാനാണ് ശ്രമം.