
തിരുവനന്തപുരം: വോട്ടെടുപ്പിനു മുമ്പ് ബി.ജെ.പിയുടെ ഒരു പ്രധാനി സി.പി.എമ്മിനുവേണ്ടി വോട്ട് മറിക്കുമെന്ന എ.കെ.ആന്റണിയുടെ പ്രസ്താവന മുൻകൂർ ജാമ്യമെടുക്കലാണെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ 'കേരളകൗമുദി'യോട് പറഞ്ഞു. ബി.ജെ.പിയുടെ വോട്ട് വാങ്ങിയ ചരിത്രം ഇടതുപക്ഷത്തിനില്ല. ആന്റണിയുടെ പാർട്ടിക്കാരാണ് വോട്ട് വാങ്ങിയിട്ടുള്ളതും മറിച്ചിട്ടുള്ളതും. ആ ജോലി സ്ഥിരമായി കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് കോൺഗ്രസാണ്. കഴിഞ്ഞ പ്രാവശ്യം നേമത്ത് ഒ.രാജഗോപാൽ വിജയിച്ചത് ആരുടെ വോട്ടുകൊണ്ടാണെന്ന് വ്യക്തം. എൽ.ഡി.എഫിന് എല്ലാക്കാലത്തും വ്യക്തമായ നയമുണ്ട്. ഈ തിരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ പുതിയ ദിശയിലേക്ക് തിരിച്ചുവിടും. യു.ഡി.എഫിന്റെ തകർച്ച ഇവിടെ ഉണ്ടാകാൻ പോവുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഗതിയിൽ പുരോഗമനമുണ്ടാക്കാൻ പോകുന്ന തിരഞ്ഞെടുപ്പാണിത്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും എൽ.ഡി.എഫിന് പിന്നിൽ അണിനിരക്കുകയാണ്. ജനങ്ങൾ അത്രയേറെ സ്നേഹവായ്പോടെ ഈ സർക്കാരിനെയും മുഖ്യമന്ത്രിയെയും ചേർത്ത് നിറുത്തുന്നു. ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാരാണിതെന്ന് ജനങ്ങൾ തന്നെ വിളിച്ചുപറയുകയാണ്. മതവർഗീയ ശക്തികൾക്കല്ല, മാനുഷിക മൂല്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ആ ചിന്ത എൽ.ഡി.എഫിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് എത്ര സീറ്റ് നേടും?
ഇതുവരെ ലഭിച്ചിട്ടില്ലാത്തത്ര ഭൂരിപക്ഷമുണ്ടാകും. കഴിഞ്ഞ തവണ കിട്ടിയതിനെക്കാൾ കൂടുതൽ സീറ്റുകൾ നേടും. അത് എത്രയെന്ന് പറയാനാവില്ല. ആ രീതിയിലാണ് വിജയപ്രതീക്ഷ.
എൽ.ഡി.എഫ് വീണ്ടും വന്നാൽ സി.പി.എമ്മിന് ബംഗാളിലെ അവസ്ഥയുണ്ടാകുമെന്ന് ആന്റണി പറയുന്നു?
കോൺഗ്രസ് തകർന്നതിനെപ്പറ്റി ആന്റണിക്ക് എന്താണ് പറയാനുള്ളത്. സ്വന്തം എം.എൽ.എമാരെ നിലയ്ക്കു നിറുത്താൻ കഴിയുന്നില്ല. കോൺഗ്രസ് എം.എൽ.എമാർ കാലുമാറുമ്പോൾ ആന്റണിയടക്കമുള്ളവർ നിസഹായകരാകുന്നു. ആന്റണി കോൺഗ്രസിന്റെ കാര്യം നോക്കിയാൽ മതി. ഞങ്ങളുടെ പ്രസ്ഥാനത്തെപ്പറ്റി ഓർത്ത് വിഷമിക്കേണ്ട. അത് നോക്കാൻ ഞങ്ങൾക്കറിയാം.
സ്വർണക്കടത്തും സ്പീക്കർക്കെതിരെയുള്ള ആരോപണവും തിരഞ്ഞെടുപ്പിനെ ബാധിക്കുമോ?
ഒൻപത് മാസമായി കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയല്ലേ. കൃത്യമായ തെളിവ് ഒരു കാര്യത്തിലും കണ്ടെത്താനായില്ല. ഒരു വനിതയെ കസ്റ്റഡിയിൽ വച്ച് കൃത്രിമ തെളിവുണ്ടാക്കിയതല്ലാതെ യഥാർത്ഥ പ്രതികളെ കണ്ടെത്താനായില്ല. രാഷ്ട്രീയ ഏജന്റുമാർക്ക് വേണ്ടിയാണ് കേന്ദ്ര ഏജൻസികൾ ജോലി ചെയ്യുന്നത്. ഇതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ.
ഇരട്ട വോട്ടുകൾ ആർക്ക് ഗുണം ചെയ്യും?
ഇത് രമേശ് ചെന്നിത്തലയോട് ചോദിക്കേണ്ടതാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന ജോലി തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ്. ഇരട്ട വോട്ടുകളുണ്ടെങ്കിൽ അത് നോക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ജോലിയാണ്. അതല്ലേ ഹൈക്കോടതിയും പറഞ്ഞത്. ഒരു വോട്ടെ ചെയ്യാവൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. ചെന്നിത്തലയ്ക്ക് രാഷ്ട്രീയപരാജയം വന്നപ്പോൾ കള്ള വോട്ടെന്നും പറഞ്ഞു നടക്കുന്നു. അതിന് ഞങ്ങളുടെ മേലേക്ക് വരേണ്ട.
ബി.ജെ.പിയുടെ മുന്നേറ്റത്തെ എങ്ങനെ കാണുന്നു?
ബി.ജെ.പി മുന്നേറില്ല. കേന്ദ്രനയങ്ങളും തീവ്ര വർഗീയതയും ഒരു വശത്തും പെട്രോൾ, ഡീസൽ വില വർദ്ധന മറുവശത്തും. ഇങ്ങനെയുള്ള ബി.ജെ.പി എങ്ങനെയാ മുന്നേറുക. ഇതെല്ലാം ചെയ്യുന്നത് കോർപ്പറേറ്റുകൾക്കു വേണ്ടിയാണെന്ന വ്യക്തമായ സന്ദേശമാണ് ബി.ജെ.പി നൽകുന്നത്. പാവങ്ങളുടെ ആനുകൂല്യം തട്ടിയെടുത്ത് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നു. ഇത്തരം നിലപാടിനെതിരെ ജനങ്ങൾ വോട്ട് ചെയ്യും. ബി.ജെ.പിയുടെ വോട്ട് ഇക്കുറി കുറയും. അത് ഉറപ്പ്. എൽ.ഡി.എഫിന് തുടർഭരണവും ഉറപ്പ്.