fd

വർക്കല: പാപനാശം നോർത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന ക്ലഫോട്ടി ബീച്ച് റിസോർട്ടിൽ തീപിടിത്തം. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. റിസോർട്ടിലെ മുകളിലത്തെ നിലയിലുള്ള രണ്ട് എ.സി റൂമുകളാണ് കത്തിനശിച്ചത്. അപകടസമയത്ത് ഇവിടെ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. കോൺക്രീറ്റ് കെട്ടിടത്തിലെ ചുവരിലുള്ള വുഡ് പാനലുകളും ജിപ്‌സം സീലിംഗ്, ഫർണീച്ചറുകൾ, എ.സി, ഗ്ലാസ്, അലുമിനിയം പാനൽ, ബെഡ്, ടി.വി എന്നിവ പൂർണമായും കത്തിപ്പോയി. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

ഏകദേശം 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഫയർഫോഴ്സും നാട്ടുകാരും റിസോർട്ട് ജീവനക്കാരും ചേർന്ന് പെട്ടെന്ന് കെടുത്തിയതിനാൽ കൂടുതൽ ഭാഗത്തേക്ക് തീ പടർന്നില്ല. വർക്കല ഫയർസ്റ്റേഷൻ അസി. ഓഫീസർ രാജൻ, ഹാരീസ്, ഷിബിൻ ഗിരീഷ്, സുജിത്ത്, ഷാലു എന്നിവർ ഉൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തിരുവനന്തപുരം സ്വദേശി സുജാതന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്.