
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്‌പീക്കർക്കും മുഖ്യമന്ത്രിയുടെ ഒാഫീസിനുമെതിരായ തെളിവുകൾ ഒതുക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും തിരഞ്ഞെടുപ്പ് ഡീലുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേസരിഹാളിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും ഓഫീസും എല്ലാമറിഞ്ഞെന്നാണ് സ്വർണക്കടത്തിലെ മുഖ്യപ്രതിയായ സ്വപ്‌നാസുരേഷിന്റെ മൊഴി. മുഖ്യമന്ത്രിക്കെതിരെയും സ്‌പീക്കർക്കെതിരെയും ഗുരുതരമായ മൊഴികളുണ്ടായിട്ടും കേന്ദ്ര ഏജൻസികൾ ഒളിച്ചുകളിക്കുന്നത് ബി.ജെ.പിക്കാർ സി.പി.എമ്മുമായി വിലപേശുന്നതുകൊണ്ടാണ്. ബാലശങ്കർ പറഞ്ഞ ഡീൽ അങ്ങനെയാണുണ്ടായത്.
ബ്രൂവറി - ഡിസ്റ്റലറി അഴിമതിയായാലും, സ്‌പ്രിൻക്ളറായാലും പമ്പാ മണൽകടത്തായാലും കെഫോണായാലും ഇമൊബിലിറ്റി ആയാലും ലൈഫ് തട്ടിപ്പായാലും ആഴക്കടൽ മത്സ്യക്കൊള്ളയായാലും മുഖ്യമന്ത്രിയിലേക്കാണെത്തുന്നത്. എല്ലാത്തിന്റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. അഴിമതിക്ക് കൈയും കാലും വച്ചുപിടിപ്പിച്ചാൽ അതാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് ജന്മസിദ്ധമായി ലഭിച്ചതാണ് അഴിമതിവാസന. വൈദ്യുതി മന്ത്രിയായപ്പോൾ 374 കോടിയുടെ ലാവ്‌ലിൻ അഴിമതിയാണ് നടത്തിയത്. ഇതിന്റെ തുടർച്ചയാണ് പിണറായി മുഖ്യമന്ത്രിയായപ്പോഴും ഉണ്ടായിരിക്കുന്നത്. ഏതിൽ തൊട്ടാലും അതിലെല്ലാം അഴിമതിയും കമ്മീഷനും.
ശബരിമല വിഷയത്തിൽ സി.പി.എം കള്ളക്കളി തുടരുകയാണ്. അഖിലേന്ത്യാ സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗങ്ങളുമെല്ലാം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ശബരിമലയെക്കുറിച്ച് പറയുന്നത്. ശബരിമലയിൽ വനിതകളെ കയറ്റണോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണം-ചെന്നിത്തല ആവശ്യപ്പെട്ടു.