kidney-stone

പുരുഷന്മാർക്ക് സ്ത്രീകളെ അപേക്ഷിച്ച് മൂത്രക്കല്ല് ഉണ്ടാകാനുള്ള സാദ്ധ്യത നാലിരട്ടിയാണ്. മൂത്രത്തിൽ സിട്രേറ്റിന്റെ അളവ് കൂടിയിരിക്കുന്നതുകൊണ്ടാണ് സ്ത്രീകളിൽ മൂത്രക്കല്ല് കുറഞ്ഞിരിക്കുന്നത്. യൂറിക് ആസിഡ്, കാൽഷ്യം കല്ലുകൾ പുരുഷന്മാരിലും മൂത്രരോഗാണുബാധ കാരണമുള്ള കല്ലുകൾ സ്ത്രീകളിലും കൂടുതലായി കണ്ടുവരുന്നു.

വികസിത രാജ്യങ്ങളിൽ വൃക്കയിലെ കല്ലുകൾ കൂടുതലായി കാണുന്നതിന് കാരണം ഉയർന്ന ജീവിത സാഹചര്യവും പ്രോട്ടീനുകൾ ധാരാളമുള്ള ഭക്ഷണവുമാണ്. അവികസിത രാജ്യങ്ങളിൽ മൂത്ര സഞ്ചിയിലുണ്ടാകുന്ന കല്ലുകൾ കൂടുതലായി കാണുന്നു. കാൽഷ്യം ഓക്സലേറ്റും യൂറിക് ആസിഡ് കല്ലുകളും ഏതാണ്ട് 70 മുതൽ 80 ശതമാനം വരും.

ജനിതകമായ കാരണങ്ങൾ, മാംസാഹാരം, ചൂട് കൂടുതലായ പ്രദേശങ്ങൾ, പർവത പ്രദേശങ്ങൾ മുതലായ സാഹചര്യങ്ങളിൽ മൂത്രക്കല്ലുകൾ കൂടുതലായി കണ്ടുവരുന്നു.

ചില പ്രത്യേക സാഹചര്യങ്ങളിൽ മൂത്രക്കല്ലുകൾക്ക് സർജിക്കൽ ചികിത്സ വേണ്ടിവരും. തുടർച്ചയായി നിൽക്കുന്ന വേദന, വലിപ്പം കൊണ്ട് (6 മുതൽ 8 മില്ലി.മീറ്റർ)​ കല്ലുകൾ തന്നെ വെളിയിൽ പോകാത്ത അവസ്ഥ, വൃക്കയിൽ പൊട്ടൽ ഉണ്ടായി മൂത്രം വെളിയിലേക്ക് വരുന്ന സാഹചര്യം, വലിപ്പമുള്ള കല്ലുകൾ കൊണ്ട് ഉണ്ടാകുന്ന മൂത്രതടസം, ഒരു വൃക്കമാത്രമുള്ള രോഗികൾ, മരുന്നുകൾ കൊണ്ട് എത്രവലിപ്പം കുറഞ്ഞാലും കല്ലുകൾ വെളിയിൽ പോകാത്ത സാഹചര്യം, കല്ലുകൾ ഉണ്ടാക്കുന്ന തടസത്തോടൊപ്പം മൂത്ര രോഗാണുബാധയുമുള്ള അവസ്ഥ, ഗർഭിണികളിൽ മൂത്രക്കല്ലുകൾ ഉണ്ടാകുന്നത് ഇൗ സാഹചര്യങ്ങളിൽ സർജിക്കൽ ചികിത്സ വേണ്ടിവരും.

മൂത്രക്കല്ല് രോഗികളിൽ 65 മുതൽ 75 ശതമാനം പേർക്കും മൂത്രക്കല്ല് മൂത്രനാളി യിലായിരിക്കും (യുറിറ്റർ). 10 മുതൽ 15 ശതമാനം പേർക്കും മൂത്രക്കല്ല് ഇരുഭാഗങ്ങളിലും കാണും.

വൃക്കയിലെ കല്ലുകളുടെ വലിപ്പമനുസരിച്ചാണ് ചികിത്സാ രീതി നിശ്ചയിക്കുന്നത്. രണ്ട് സെന്റീമീറ്ററിന് താഴെ വലിപ്പമുള്ള കല്ലുകൾക്ക് ഇ. എസ്. ഡബ്ളിയു. എൽ

ചികിത്സയാണ് അനുയോജ്യം. വൃക്കയിലെ അടവ്, മൂത്രരോഗാണുബാധ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്പിരിൻ പോലുള്ള മരുന്ന് കഴിക്കുന്നവർ, ഗർഭിണികൾ മുതലായവരിൽ ഇ. എസ്. ഡബ്ളിയു. എൽ ചികിത്സ പാടില്ല. ഹൃദയത്തിൽ പേസ്‌മേക്കർ വച്ചിട്ടുള്ള രോഗികളിൽ അത് റീപ്രോഗ്രാം ചെയ്ത ശേഷം മാത്രമേ ഇ. എസ്. ഡബ്ളിയു. എൽ ചെയ്യാൻ പാടുള്ളൂ.

വൃക്കയിലെ വലിപ്പമുള്ള കല്ലുകൾ, വൃക്കയിലെ അടവുകളോടൊപ്പമുള്ള കല്ലുകൾ, മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ മുതലായവയ്ക്ക് പി.സി.എൻ.എൽ ചികിത്സയാണ് അഭികാമ്യം. വൃക്ക നിറഞ്ഞു നിൽക്കുന്ന കല്ലുകൾക്ക് പി.സി.എൻ.എൽ ചികിത്സയാണ് നല്ലത്.

ചില പ്രത്യേകതരം കല്ലുകൾ,​ ഉദാഹരണത്തിന് സിസ്റ്റൈൻ കല്ലുകൾക്ക് പി.സി.എൻ.എൽ ചികിത്സയാണ് ഉത്തമം. ഇ. എസ്. ഡബ്ളിയു. എൽ ചികിത്സ കൊണ്ട് പൊടിയാത്ത കല്ലുകൾക്കും പി.സി.എൻ.എൽ ചികിത്സ ഗുണം ചെയ്യും.

വൃക്കയിലെ കല്ലുകൾക്കുള്ള മറ്റൊരു ചികിത്സയാണ് ഫ്ളെക്സിബിൾ യുറിറ്ററോസ്ക്കോപ്പിയും ലേസർ ലിതോട്രിപ്സിയും. വളരെ ഫലപ്രദമായ ചികിത്സാരീതിയാണ് ഇത്.

മൂത്രനാളിയിലുള്ള (യുറിറ്റർ) കല്ലുകൾ യുറിറ്ററോസ്ക്കേപ്പി വഴി പൊടിച്ചുമാറ്റാം.

വളരെ വലിപ്പമുള്ള വൃക്കയിലെ കല്ലുകൾ ലാപറോസ്ക്കോപ്പി, തുറന്നുള്ള ശസ്ത്രക്രിയ മുതലായ ചികിത്സാരീതികൾ വഴി മാറ്റിയെടുക്കാനാകും.