
ചാലക്കുടി: പരിയാരം മുനിപ്പാറയിൽ സി.പി.എം പ്രവർത്തകൻ കളത്തിൽ ഡേവിസ് അടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡേവിസിന്റെ അയൽവാസിയായ പാത്രക്കട വീട്ടിൽ സിജിത്ത് (30), ബന്ധു പാത്രക്കട സുരേഷ് (61), മണ്ണടത്ത് വീട്ടിൽ റഷീദ് (38) എന്നിവരാണ് പിടിയിലായത്. മൂവരും ലക്ഷദ്വീപിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ പറവൂർ മുനമ്പത്ത് നിന്നുമാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ വീടിനടുത്തുള്ള പറമ്പിൽ പുല്ലരിഞ്ഞു കൊണ്ടിരുന്ന ഡേവിസിനെയാണ് ഒരു സംഘം ആളുകൾ മാരകായുധങ്ങളുമായെത്തി ആക്രമിച്ചത്.
തടയാൻ ശ്രമിച്ച ഡേവിസിന്റെ ഭാര്യ മേരിക്കും വെട്ടേറ്റിരുന്നു. സിജിത്ത്, ഡേവിസുമായി നേരത്തെ സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. ഡേവിസിനെ ആക്രമിക്കാൻ സംഘം പദ്ധതി തയ്യാറാക്കിയതായും സംഭവത്തിന് ഒരാഴ്ച മുമ്പേ ആക്രമിക്കാനാവശ്യമായ കമ്പിവടികളും മറ്റും സ്വരുക്കൂട്ടി വച്ച് ഡേവിസ് പുല്ല് ശേഖരിക്കുന്ന സമയം നോക്കി പറമ്പിൽ വച്ച് ആക്രമിക്കുകയുമായിരുന്നു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി കെ.എ. ജിജിമോന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രത്യേകാന്വേഷണ സംഘത്തിൽ ചാലക്കുടി ഡിവൈ.എസ്.പി കെ.എം ജിജിമോൻ, ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ സൈജു കെ. പോൾ, സബ് ഇൻസ്പെക്ടർ എം.എസ് ഷാജൻ, ക്രൈം സ്ക്വാഡ് എസ്.ഐ ജിനു മോൻ തച്ചേത്ത്, സ്ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു. റെജി, ഷിജോ തോമസ്, സൈബർ വിദഗ്ദ്ധൻ എം.ജെ ബിനു, ചാലക്കുടി സ്റ്റേഷനിലെ അഡീഷണൽ എസ്.ഐമാരായ എയിൻ ബാബു , സജി വർഗീസ്, ബിജു, സി.വി ഡേവിസ്, എ.എസ്.ഐ ജെയ്സൺ ടി.എ, കൃഷ്ണൻ, പൊലീസുകാരായ സജീവ് കുമാർ , ആൻസൺ പൗലോസ്, രൂപേഷ്, ജിബി ടി.സി, ദീപു പി.വി., സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സി.ബി ഷെറിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.