
തിരുവല്ല: യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിരണം മുണ്ടനാലി വീട്ടിൽ രാഹുൽ രാജൻ (21), നിരണം മോടിശ്ശേരിൽ ജിഷ്ണു ( 22 ) , കരുവാറ്റ കാരമുട്ട് പുത്തൻ പുരയിൽ വീട്ടിൽ വിഷ്ണു ( 22 ) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെ ആയിരുന്നു ആക്രമണം. വള്ളംകുളം തൈപ്പറമ്പിൽ വീട്ടിൽ ശ്രീനിവാസൻ ആണ് ആക്രമണത്തിന് ഇരയായത്. വീടിന്റെ സിറ്റൗട്ടിൽ കിടന്നുറങ്ങുകയായിരുന്ന ശ്രീനിവാസനെ സംഘം വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സലാണ്. വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും കേസിൽ പ്രധാന പ്രതിയടക്കം രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നും തിരുവല്ല സി.ഐ പറഞ്ഞു. സംഭവത്തിന്ശേഷം ഒളിവിൽ പോയ പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് പിടികൂടിയത്. തിരുവല്ല ഡിവൈ.എസ് .പി സുനീഷ്, സി.ഐ ഹരിലാൽ, എസ് .ഐ പ്രശാന്ത്, എ.എസ് .ഐ അനിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മനോജ്, ജയകുമാർ , പ്രബോധ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.