
കാസർകോട്: വികസനത്തിൽ കേരളത്തിലെ വടക്കും തെക്കും തമ്മിലുള്ള അന്തരം കുറച്ചു കൊണ്ടുവരാൻ എൽ.ഡി.എഫ് സർക്കാർ ഇടപെട്ടെന്നും ജനങ്ങൾ വോട്ട് നൽകുമെന്നും കാഞ്ഞങ്ങാട് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥിയും റവന്യു മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് മണ്ഡലത്തിൽ 3530 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കി. മലയോര ഹൈവേ ഉൾപ്പെടെയുള്ള നാടിന്റെ സ്വപ്‌നങ്ങൾ പൂവണിയിച്ചു. റോഡ് വികസനത്തിന് 900 കോടി രൂപ ചെലവഴിച്ചു. റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ മുഖച്ഛായ മാറ്റി. കാഞ്ഞങ്ങാട് പൈതൃക നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് 10 കോടിയാണ് അനുവദിച്ചത്. പനത്തടി താലൂക്ക് ആശുപത്രിയുടെ വികസനം, മലയോരത്തിന്റെ പദ്ധതികൾ പ്രത്യേകമായി പരിഗണിച്ച് നടപ്പിലാക്കി. കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 12 കോടി രൂപ ചിലവിൽ പണിയാൻ സാധിച്ചു. കാഞ്ഞങ്ങാട് റവന്യു ടവർ നിർമ്മാണം 12 കോടി ചെലവിൽ പൂർത്തിയാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് -കാണിയൂർ റെയിൽപാത സംബന്ധിച്ച് പല ചർച്ചകളും ഇവിടെ നടക്കുന്നുണ്ട്. തലശേരി -മൈസൂർ റെയിൽപാതയെ കുറിച്ച് പറയാൻ തുടങ്ങിയിട്ട് 60 വർഷമായി. ഞാൻ യുവജന സംഘടനയുടെ പ്രവർത്തകനായിരിക്കെ സമരം ചെയ്തയാളാണ്. ഇന്നും യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ശബരി പാതയുടെ സ്ഥിതിയും ഇതുതന്നെയാണ്. കേന്ദ്രസർക്കാർ കാണിച്ച ജാഗ്രത ഇല്ലാത്ത നടപടിയാണ് ഇതിന് തടസം. കാണിയൂർ പാതക്ക് ഈ സർക്കാർ 20 കോടി വകയിരുത്തി ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി. കർണ്ണാടകയുടെ ഭാഗത്ത് വേഗത കുറവുണ്ടായി. ഞാൻ പ്രത്യേക താത്പര്യം എടുത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അതിനും കേന്ദ്രത്തിന്റെ മെല്ലെപോക്ക് ആണ് തടസമാകുന്നതെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു.