
തിരുവനന്തപുരം: ആന്ധ്രാപ്രദേശിൽ നിന്നും കടത്തിക്കൊണ്ട് വന്ന 26 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലായി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ തിനവിള പുത്തൻവീട്ടിൽ ജോക്കർ എന്ന് വിളിക്കുന്ന അനൂപ് (29), പാറശാല മുറിയത്തോട്ടം തരശിൽ വീട്ടിൽ അനീഷ് (27) എന്നിവരെയാണ് ഡിസ്ട്രിക്ട് ആന്റിനാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻഫോഴ്സ് (ഡാൻസാഫ്) ടീമിന്റെ സഹായത്തോടെ നേമം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും ചില്ലറ വില്പനക്കാർക്ക് കഞ്ചാവ് മൊത്തവില്പന നടത്തുന്ന ഈ സംഘത്തിനെ ഡാൻസാഫ് ടീം ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. ഇവരുടെ യാത്രാവിവരങ്ങൾ മനസിലാക്കിയ ടീം നേമം പൊലീസുമായി ചേർന്ന് പളളിച്ചൽ ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞാണ് 26 കിലോ കഞ്ചാവുമായി പിടികൂടിയത്. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു. പ്രതികളിൽ ഒരാളായ അനീഷ് ആംബുലൻസ് ഡ്രൈവറാണ്. ആംബുലൻസിലും സംഘം കടത്ത് നടത്തിയിട്ടുണ്ട്. നേമം എസ്.എച്ച്.ഒ മുബാരക്, എസ്.ഐമാരായ അനീഷ് എബ്രഹാം, രവി, എ.എസ്.ഐ ജ്യോതിഷ് കുമാർ, സി.പി.ഒമാരായ രേവതി, സാജൻ, ഡാൻസാഫ് എസ്.ഐ ഗോപകുമാർ, ടീം അംഗങ്ങളായ സജി, വിനോദ്, രഞ്ജിത്, അരുൺ, ഷിബു, നാജിബഷീർ, ചിന്നു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.