
വെള്ളനാട്: ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് തകർക്കാനാണ് എൽ.ഡി.എഫ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അരുവിക്കര നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മിഷനെ നോക്കുകുത്തിയാക്കി വോട്ടർപ്പട്ടികയിൽ വ്യാജപ്പേരുകൾ ചേർത്ത് കള്ളവോട്ടിലൂടെ അധികാരത്തിലെത്താനുള്ള സി.പി.എമ്മിന്റെ ആസൂത്രിതനീക്കമാണ് നടക്കുന്നത്. പണം കൊടുത്ത് മാദ്ധ്യമങ്ങൾ വഴി സർവേ നടത്തി അനുകൂലമാക്കാനാണ് ശ്രമിക്കുന്നതെങ്കിലും കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തും. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ രാഹുൽ ഗാന്ധിയുടെ സ്വപ്‌ന പദ്ധതിയായ ' ന്യായ് ' നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ വെള്ളനാട് ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ, വിതുര ശശി, നടൻ ജഗദീഷ്, റിജിൽ മാക്കുറ്റി, ഡി.സി.സി ഭാരവാഹികളായ എൻ. ജയമോഹനൻ, വി.ആർ. പ്രതാപൻ, വെള്ളനാട് ജ്യോതിഷ് കുമാർ, വെള്ളനാട് ശശി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ആർ. ഉദയകുമാർ, മലയടി പുഷ്പാംഗദൻ, ഇന്ദുലേഖ, കെ.എസ്. രാജലക്ഷ്‌മി എന്നിവർ സംസാരിച്ചു.